ഇന്ന് ഓശാന ഞായർ : ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ
1542173
Sunday, April 13, 2025 4:15 AM IST
കൊച്ചി: കുരിശുമരണത്തിനു മുന്‍പു ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് ഇന്ന് ഓശാന ഞായർ. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ ദേവാലയങ്ങളിലുണ്ടാകും. ഓശാന ഞായർ ആചരണത്തോടെ ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കുന്നു.
ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിക്കുക. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഇന്നു രാവിലെ ഏഴിനാരംഭിക്കുന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികനാകും.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പഴമ്പിള്ളിച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ നാളെ രാവിലെ ഏഴിന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികനാകും. പെസഹാവ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, പൂർണദിന ആരാധന എന്നിവയുണ്ടാകും. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ ശുശ്രൂഷകളില്‍ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേൽ തട്ടില്‍ കര്‍മികത്വം വഹിക്കും.
അന്നു വൈകുന്നേരം അഞ്ചിനാണ് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകൾ ആരംഭിക്കുക. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ രാവിലെ ആറിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും.