വിദ്യാർഥിനിയുടെ ചികിത്സയ്ക്കായി പായസചലഞ്ചുമായി കോൺഗ്രസ് കൂട്ടായ്മ
1542195
Sunday, April 13, 2025 4:38 AM IST
പള്ളുരുത്തി: 19 കാരിയായ ഡിഗ്രി വിദ്യാർഥിനിയുടെ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി പായസ ചലഞ്ചിലൂടെ പണം സമാഹരിച്ച് കോൺഗ്രസ് കൂട്ടായ്മ.
ഇടക്കൊച്ചി പഷ്ണിത്തോട് വിനോജിന്റെ മകൾ അശ്വതിയുടെ വാൽവ് മാറ്റിവെക്കല് ശസ്ത്രക്രിയക്ക് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം 17-ാം ഡിവിഷൻ കമ്മിറ്റി പാലട പായസ ചലഞ്ചിലൂടെ പണം സമാഹരിച്ച് നല്കുന്നത്.
ഡിവിഷൻ പ്രസിഡന്റും പള്ളുരുത്തി മിൽമ ഹബ് ഉടമയുമായ ആയ എം.എം.പ്രിജിത്തിന്റെ നേതൃത്വത്തിലാണ് പായസം തയാറാക്കി വിതരണം ചെയ്തത്. ചികിത്സക്കായി 15 ലക്ഷം രൂപയോളം വേണ്ടി വരും.
ആദ്യ ഘട്ടത്തിൽ 300 ലിറ്ററോളം പായസമാണ് വിതരണം നടത്തിയത്. മിൽമ ഹബ്ബിന്റെ കീഴിലുള്ള കൊച്ചിയിലെ 350 ഓളം ഏജൻസികൾ വഴിയായിരുന്നു പായസ വില്പന. പായസം തയാറാക്കുന്നതിനായി സഹപ്രവർത്തകരും മിൽമ ഹബ്ബിലെ ജീവനക്കാരും ഉണ്ടായിരുന്നു.
തയാറാക്കിയ പായസം പുലർച്ചയോടെ തന്നെ ഓരോ ലിറ്ററിന്റെ കാനുകളിൽ നിറച്ചു ഏജൻസികളിൽ എത്തിച്ചു നൽകി. ചിലവുകൾ കിഴിച്ച് ലഭിച്ച 25,000 രൂപ ചികിത്സാ സമിതിക്ക് കൈമാറുമെന്ന് പ്രിജിത്ത് പറഞ്ഞു.
അടുത്ത ഘട്ടത്തിൽ സുമനസുകളിൽ നിന്ന് സഹായം തേടി പായസം തയാറാക്കി തുക പൂർണമായും നൽകുന്നതിനുള്ള ഒരുക്കത്തിലാണ് പ്രിജിത്ത്. പായസ ചലഞ്ചിന് തമ്പി സുബ്രഹ്മണ്യൻ, പി.പി. ജേക്കബ്, കൗൺസിലർ അഭിലാഷ് തോപ്പിൽ, സജന യേശുദാസ്, മഞ്ജു ടീച്ചർ, ബി.സി. സുധീഷ് എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥിനിയുടെ ചികിത്സക്കായി കൗൺസിലർ രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലാണ് ചികിത്സ സഹായ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുള്ളത്. കൂട്ടായ്മയുടെ അക്കൗണ്ട് നന്പർ001800100163271.ധനലക്ഷ്മി ബാങ്ക്, പള്ളുരുത്തി ബ്രാഞ്ച്, ഐഎഫ്എസ്ഇ കോഡ് ഡിഎൽഎക്സ്ബി 0000018
ജി-പേ 807577052.