കേബിള്‍ കുരുക്ക് അഴിഞ്ഞില്ല : ഡബിള്‍ ഡക്കര്‍ ബസ് ഷെഡില്‍ തന്നെ
1541971
Saturday, April 12, 2025 4:10 AM IST
ബസ് തലശേരിയില്‍ നിന്നെത്തിച്ചത് അഞ്ചു മാസം മുമ്പ്
കൊച്ചി: സാങ്കേതിക തടസം മൂലം സര്‍വീസ് ആരംഭിക്കാനാകാതെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ്. റൂട്ട് നിശ്ചയിച്ചിരിക്കുന്ന പ്രദേശങ്ങളിലെ താഴ്ന്നുകിടക്കുന്ന കേബിളുകളാണ് നിലവിലെ പ്രതിസന്ധി. ഇതോടെ അഞ്ചുമാസം മുമ്പ് എത്തിച്ച ബസ് ഇപ്പോഴും ഗാരേജില്‍ കിടക്കുകയാണ്.
ബസ് ഇതിനോടകം രണ്ടു ട്രയല്‍ റണ്‍ നടത്തി. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി പ്രദേശങ്ങളിലാണ് ഇനി കേബിളുകള്‍ ഉയര്‍ത്തി സ്ഥാപിക്കാനുള്ളതെന്ന് കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടിനും, ഒമ്പതിനും നടത്തിയ ട്രയല്‍ റണ്ണില്‍ ബസിന് സുഗമമായി കടന്നുപോകാന്‍ സാധിച്ചില്ല. താഴ്ന്നു കിടക്കുന്ന കേബിളുകള്‍ക്ക് പുറമേ റൂട്ടിലെ പഴ ഇലക്ട്രിക് പോസ്റ്റുകളും പ്രതിസന്ധി തീര്‍ക്കുന്നു.
ബസ് കടന്നു പോകാന്‍ കുറഞ്ഞത് 5.7 മീറ്റര്‍ ഉയരമെങ്കിലും വേണം. സ്വകാര്യ കമ്പനികളുടെ കേബിളുകളാണ് ഭൂരിഭാഗവും. ഇവ കുരുങ്ങിക്കിടക്കുന്നത് പ്രശ്നപരിഹാരത്തിന് കാലതാമസം സൃഷ്ടിക്കുന്നു. താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളടക്കം ഉയര്‍ത്തി സ്ഥാപിക്കുന്ന ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കി വരുന്ന ആഴ്ച അടുത്ത ട്രയല്‍ റണ്‍ നടത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.
70 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന പഴയ മോഡല്‍ ബസാണ് തലശേരിയില്‍ നിന്നും കൊച്ചിയിലെത്തിച്ചിട്ടുള്ളത്. സന്ധ്യാസമയത്തും രാത്രിയിലും കൊച്ചിയിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിന് സിറ്റി ടൂര്‍ സര്‍വീസുകളായിരുന്നു ലക്ഷ്യം.
എറണാകുളത്തുനിന്നും കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍, തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി റൂട്ടാണ് സര്‍വീസിനായി തെരഞ്ഞെടുത്തിരുന്നത്. സര്‍വീസിന്റെ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും ഉണ്ടാകും.