ആറു വയസുകാരൻ വേന്പനാട്ട് കായൽ കൈകൾ ബന്ധിച്ച് നീന്തിക്കടന്നു
1542204
Sunday, April 13, 2025 4:44 AM IST
കോതമംഗലം: വാരപ്പെട്ടി സ്വദേശിയായ ആറ് വയസുകാരൻ വേന്പനാട്ട് കായൽ ഏഴ് കിലോ മീറ്റർ ദൂരം കൈകൾ ബന്ധിച്ച് നീന്തിക്കടന്നു. വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്ത് - രഞ്ജുഷ ദന്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ശ്രാവണ്‍ എസ്. നായരാണ് ഒരു മണിക്കൂർ 29 മിനിറ്റ് കൊണ്ട് നീന്തിക്കടന്നത്.
ഇന്നലെ രാവിലെ 7.45നു ആലപ്പുഴ ജില്ലയിലെ വടക്കുംകര അന്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്.
ഏഴു കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ആദ്യത്തെ ആണ്‍കുട്ടിയും ശ്രാവണ്‍ ആണെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പൻ പറഞ്ഞു.
ചേർത്തല അന്പലക്കടവിൽനിന്ന് ചേന്നംപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഹരികുമാർ എന്നിവർ ചേർന്ന് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തു.