അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം : സിസി ടിവി ദൃശ്യങ്ങള്‍ തേടി പോലീസ്
1542182
Sunday, April 13, 2025 4:26 AM IST
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ്. സംഘര്‍ഷത്തിനിടയാക്കിയ കാരണമടക്കം സ്ഥിരീകരിക്കാന്‍ ജില്ലാ കോടതിയിലെ സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസ് അപേക്ഷ നല്കി.
ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം. എന്നാല്‍ വിദ്യാര്‍ഥിനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇരുവാദങ്ങളിലും വ്യക്തത വരുത്താനാണ് പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
സംഘര്‍ഷം നടന്ന റോഡിലടക്കം മറ്റു സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമാകാത്തതിനാലാണ് ജില്ലാ കോടതിയിലെ സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ അഭിഭാഷകരുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമമുള്ളതായും സൂചനയുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കോളജിലെ എസ്എഫ്ഐ ഭാരവാഹികളടക്കം 15 വിദ്യാര്‍ഥികള്‍ക്കും, ഒമ്പത് അഭിഭാഷകര്‍ക്കും, രണ്ട് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പരാതികളിലായി 30 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ച കോടതി വളപ്പില്‍ അഭിഭാഷകര്‍ മദ്യക്കുപ്പികൾ കോളജ് കോമ്പൗണ്ടിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കോളജ് അക്രമകാരികളുടെ താവളമാകുന്നു: ബിജെപി
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് രാപ്പകല്‍ വ്യത്യാസമില്ലാതെ എസ്എഫ്ഐ അക്രമകാരികളുടെ താവളമാകുന്നത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോളജ് അധികൃതരും പോലീസും തയാറാകണമെന്ന് ബിജെപി.
കോളജ് ഹോസ്റ്റലും കാമ്പസും എസ്എഫ്ഐ അക്രമകാരികളുടെ താവളങ്ങളായിരിക്കുകയാണ്. ഇതിനെതിരെ ബിജെപി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു പ്രസ്താവനയില്‍ പറഞ്ഞു.