ചാത്തമറ്റത്തെ പകല്‍ വീട് പാമ്പുകളുടെ താവളം
1542000
Saturday, April 12, 2025 4:27 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ചാത്തറ്റം വാര്‍ഡില്‍ അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ച് ഉദ്ഘാടനം ചെയ്ത പകല്‍ വീട് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ജില്ലാ പഞ്ചായത്തിന്റെ 2017- 18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്.
നാലാം വാര്‍ഡില്‍ പി.ടി. പൈലി പടിഞ്ഞാറ്റില്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ട് അഞ്ച് വര്‍ഷത്തോളമായെങ്കിലും കെട്ടിടത്തിന് നമ്പറിടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇതുമൂലം ഇവിടേക്ക് വെള്ളം, വൈദ്യുതി കണക്ഷനുകള്‍ എടുക്കാനും സാങ്കേതിക തടസമുണ്ട്. നാലര വര്‍ഷത്തിലധികമായി കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മുന്‍ ഭരണ സമിതിയുടെ കാലത്ത് നിര്‍മിച്ച ഈ കെട്ടിടം പഞ്ചായത്തിന് കൈമാറാതെയാണ് 2020 സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്തിയത്. പഞ്ചായത്തിന് കെട്ടിടം കൈമാറാത്തതുമൂലമാണ് നമ്പറിടാന്‍ കഴിയാതെ പോയത്. ജില്ലാ പഞ്ചായത്തില്‍നിന്ന് അടുത്ത നാളില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് കെട്ടിടം കൈമാറിയിട്ടുണ്ട്.
അതിനുശേഷം നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് തീരുമാനമായതായി അറിയുന്നു. ഉടൻതന്നെ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി വെളളം, വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കുമെന്നും പകല്‍ വീടിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വാര്‍ഡംഗം സാറാമ്മ പൗലോസ് പറഞ്ഞു.