സ്വകാര്യ ബസും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
1542185
Sunday, April 13, 2025 4:26 AM IST
പെരുമ്പാവൂർ : സ്വകാര്യ ബസും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. എംസി റോഡ് ഒക്കലിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടം. സമീപത്ത് കോഴിക്കടിയിലേക്ക് കോഴികളുമായെത്തിയ വാഹനത്തിൽ നിന്നും റോഡിലേക്ക് ഓടിയ കോഴിയെ പിടിക്കാൻ പിറകെ ഓടിയ ഇതരസംസ്ഥാന സ്വദേശിയെ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചതാണ് കൂട്ടയിടിയിൽ കലാശിച്ചത്.
ഇതരസംസ്ഥാനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഇടിച്ചുകയറി.
സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പെരുമ്പാവൂരിൽ നിന്നും അങ്കമാലിക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. അപകടത്തെ തുടർന്ന് ഏറെ നേരം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.