ലഹരിക്കെതിരെ മഞ്ഞപ്ര സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്
1542188
Sunday, April 13, 2025 4:26 AM IST
കാലടി: മഞ്ഞപ്ര ഫീനിക്സ് സ്പോർട്സ് ക്ലബും, ഗ്രാമക്ഷേമം ലൈബ്രറി യുവവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള പ്രഥമ മഞ്ഞപ്ര സൂപ്പർ ലീഗ് ഫുട്മ്പോൾ ടൂർണമെന്റ് തുടങ്ങി. മഞ്ഞപ്ര പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് പെരുമ്പാവൂർ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശക്തി സിംഗ് ആര്യ ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെ യുവജനങ്ങളെ അണിനിരത്തുന്നതിന് വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. എട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അധ്യക്ഷത വഹിച്ചു.ഫീനിക്സ് ക്ലബ് പ്രസിഡന്റ് എം. ശിവശങ്കർ, ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, എം. അക്ഷയ് പിള്ള, റോബിൻ ജോസ്, ഡോൺ പോൾ, വിനീത് വേലായുധൻ, ക്രിസ്റ്റഫർ എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിലെ വിജയികൾക്ക് മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ട്രോഫികൾ വിതരണം ചെയ്യും.