മൂവാറ്റുപുഴയിൽ വിഷു വിപണി സജീവം
1542201
Sunday, April 13, 2025 4:38 AM IST
മൂവാറ്റുപുഴ: വിഷുക്കണി ഒരുക്കാൻ വിപണി സജീവമായി. കൊന്നപ്പൂവും കണി വെള്ളരിയും ശ്രീകൃഷ്ണ വിഗ്രഹവും ചേർന്ന വിഷുക്കണിയുണ്ടെങ്കിലെ വിഷുദിനത്തിൽ ആഘോഷങ്ങൾ പൂർണമാകൂ. വിഷുക്കണിയിലെ പ്രധാനമായ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിറഞ്ഞുകഴിഞ്ഞു.
പുഞ്ചിരി തൂകുന്ന കൃഷ്ണ വിഗ്രഹമാണ് വിഷു വിപണിയിൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻനിര കൈയ്യടക്കിയിരിക്കുന്നത്. പല ഭാവത്തിൽ, വർണത്തിൽ, വലിപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങളാണ് വിപണിയിൽ എത്തിയിട്ടുള്ളത്.
200 മുതൽ 2000 രൂപ വരെയുള്ള വിഗ്രഹങ്ങൾ വിൽപനയ്ക്കായി മൂവാറ്റുപുഴയിലെ വ്യാപാരികൾ എത്തിച്ചിട്ടുണ്ട്. പാലക്കാട് അടക്കമുള്ള അയൽ ജില്ലകളിൽ നിന്നാണ് കൃഷ്ണ വിഗ്രഹങ്ങളെത്തിക്കുന്നത്. വിഷുപ്പുലരിക്ക് ഒരുനാൾ ശേഷിക്കെ കൃഷ്ണ വിഗ്രഹങ്ങളുടെ വിൽപ്പന തകൃതിയായി നടക്കുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.