ബൈക്കിൽ കറങ്ങിനടന്ന് മാല പൊട്ടിച്ചയാൾ പിടിയിൽ
1541978
Saturday, April 12, 2025 4:10 AM IST
കാക്കനാട്: ബൈക്കിൽ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളെയടക്കം ആക്രമിച്ച് മാല കവരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി. ഞാറക്കൽ സ്വദേശി സോമരാജനെ(43)യാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം അഞ്ചിന് രാത്രി 7.30ന് എൻജിഒ ക്വാർട്ടേഴ്സിനു സമീപത്ത് വച്ച് 59 വയസുള്ള വീട്ടമ്മയെ ആക്രമിച്ച് ഒന്നര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവിനൊപ്പം പലചരക്ക് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുത്ത് മുങ്ങുകയായിരുന്നു.
സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബൈക്കിന്റെ അവ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് കുസാറ്റിലെ കംപ്യൂട്ടർ വിഭാഗം പ്രഫസർ വിഷ്ണു കുമാറിന്റെ സഹായത്തോടെ ബൈക്കിന്റെ നമ്പർ കണ്ടെത്തുകയും ബൈക്ക് മരട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
കങ്ങരപ്പടിയിൽ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തഞ്ചോളം മാല മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. എസ്ഐ എ.കെ. സുധീറിന്റെ നേതൃത്വത്തിലാണ്് പ്രതിയെ അറസ്റ്റ് ചെയ്തത്.