വിശുദ്ധ വാരാചരണ ഒരുക്കങ്ങൾ പൂർത്തിയായി
1542203
Sunday, April 13, 2025 4:44 AM IST
മൂവാറ്റുപുഴ: അൻപത് നോന്പിന്റെ വ്രതശുദ്ധിയിൽ മൂവാറ്റുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും ദേവാലയങ്ങളിൽ വിശുദ്ധ വാരാചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായറിലെ തിരുക്കർമങ്ങളോടെയാണ് വിശുദ്ധ വാരാചരണത്തിന് ദേവാലയങ്ങളിൽ തുടക്കമാകുന്നത്.
ഓശാന ഞായറിലെ പ്രദക്ഷിണത്തിനായുള്ള കുരുത്തോലകൾ പള്ളികളിൽ ഒരുക്കികഴിഞ്ഞു. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ 6.45ന് നിർമല സ്കൂൾ ഗ്രൗണ്ടിൽ ഓശാന തിരുക്കർമങ്ങൾക്ക് തുടക്കം കുറിച്ച് കുരുത്തോല വെഞ്ചരിപ്പും തുടർന്ന് കുരുത്തോല പ്രദക്ഷിണത്തിൽ ആശീർവദിച്ച കുരുത്തോലകൾ കൈകളിലേന്തി വിശ്വാസികൾ പങ്കാളികളാകും. വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
17ന് രാവിലെ 6.30ന് പെസഹാ തിരുക്കർമങ്ങളായ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന. 18ന് രാവിലെ 6.30ന് കുരിശിന്റെ വഴി, കുരിശു ചുംബനം, വൈകുന്നേരം നാലിന് പരിഹാര പ്രദക്ഷിണം, പീഡനുഭവ സന്ദേശം.
20ന് രാവിലെ മൂന്നിന് ഉയിർപ്പുതിരുനാൾ തിരുക്കർമങ്ങൾ, ആറിനും എട്ടിനും 10നും കുർബാന എന്നിവയോടുകൂടി വിശുദ്ധ വാരാചരണം സമാപിക്കും.