ഞാറക്കാട് പഞ്ചായത്ത് കിണര്‍ അപകടാവസ്ഥയില്‍
1542199
Sunday, April 13, 2025 4:38 AM IST
പോത്താനിക്കാട്: ഞാറക്കാട് മറ്റപ്പിള്ളി കവലയിലെ പഞ്ചായത്ത് കിണര്‍ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞ് അപകടാവസ്ഥയിൽ. സമീപത്തെ അങ്കണവാടിയിലേക്കും 22 വീടുകളിലേക്കും കുടിവെള്ളം ശേഖരിക്കുന്നത് ഇവിടെനിന്നാണ്. ജലക്ഷാമം രൂക്ഷമായിട്ടുള്ള ഇവിടെ വരള്‍ച്ച ദുരിതാശ്വാസ പദ്ധതി പ്രകാരം 1983ലാണ് കിണര്‍ നിര്‍മിച്ചത്.
30 അടി ആഴമുള്ള കിണറിന്റെ കീഴ്ഭാഗം 16 അടിയോളം റിംഗ് ഇറക്കിയിട്ടുണ്ട്. പകുതിയോളം വരുന്ന മുകള്‍ഭാഗത്ത് റിംഗില്ലാത്തതിനാല് കിണറിന്റെ ഭിത്തി ഇടയ്ക്കിടെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. റിംഗ് പിടിപ്പിച്ചിട്ടുള്ള ഭാഗത്തും എലികള്‍ മാളമെടുത്ത് കിണര്‍ ഭിത്തികള്‍ ഇടിയുന്നുണ്ട്.
ഈ കിണറിനോട് ചേര്‍ന്ന് ഒരു വീടും സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലത്ത് വെള്ളം നിറയുന്ന സമയങ്ങളില്‍ കിണറിടിഞ്ഞ് വന്‍ദുരന്തം സംഭവിക്കുമെന്ന ഭീതിയിലാണ് ഈ വീട്ടുകാര്‍ കഴിയുന്നത്. കിണറ്റില്‍ പൂര്‍ണമായും റിംഗിറക്കി പാര്‍ശ്വഭിത്തിക്കും റിംഗിനുമിടയിലുള്ള ഭാഗത്ത് മെറ്റല്‍ നിരത്തി കിണറിന്റെ അപകടാവസ്ഥ എത്രയും വേഗം ഒഴിവാക്കണമെന്നാണ് സമീപവാസികള്‍ ആവശ്യപ്പെടുന്നത്.