ചെങ്ങമനാട് പുത്തൻതോട് ഇറിഗേഷൻ കനാലിൽ ശുചിമുറി മാലിന്യമൊഴുക്കുന്നു
1542196
Sunday, April 13, 2025 4:38 AM IST
നെടുമ്പാശേരി : ചെങ്ങമനാട് പുത്തൻതോട് ഇറിഗേഷൻ കനാലിൽ കക്കൂസ്-രാസമാലിന്യമൊഴുക്കി. ഒരാഴ്ചയോളമായി കുഴമ്പ് രൂപത്തിലായ വെള്ളത്തിന് മുകളിൽ ഓയിൽ അംശം നിറഞ്ഞിരിക്കുകയാണ്. വെള്ളം ദുർഗന്ധപൂരിതമായതോടെ കർഷകരും, സമീപവാസികളും ചെങ്ങമനാട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു.
നെടുമ്പാശേരി - ചെങ്ങമനാട് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ഇറിഗേഷൻ പദ്ധതിയിൽ നിന്ന് ഹെക്ടർ കണക്കിന് പ്രദേശങ്ങളിലേക്കാണ് കാർഷികാവശ്യത്തിന് ജലമെത്തുന്നത്.
പമ്പ് ഹൗസും, വടക്ക് വശത്തെ കനാലും നെടുമ്പാശേരി പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. അതേസമയം ലീഡിംഗ് ചാനൽ ഇരു പഞ്ചായത്തുകളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്.
ചെങ്ങൽത്തോടിന്റെ കൈവഴിയായ പാനായിത്തോട്ടിൽ നിന്നാണ് പുത്തൻതോട് ഭാഗത്തെ പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്നത്. പാനായിത്തോട്ടിൽ കുളവാഴയും രാസമാലിന്യങ്ങളും നിറഞ്ഞതോടെ ഒഴുക്ക് നിലച്ച് കരയും തോടും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. ഇവിടെ നിന്ന് കിഴക്കോട്ടൊഴുകിയാണ് വെള്ളം പുത്തൻതോട് ഇറിഗേഷൻ പമ്പ് ഹൗസിലേക്കെത്തുന്നത്.
ജലവിതാനം താഴ്ന്നതും യഥാസമയം പായലും കുളവാഴയും മറ്റ് മാലിന്യങ്ങളും നീക്കാതെ വരികയും ചെയ്തതോടെ വെള്ളം കെട്ടിക്കിടക്കുകയാണ്. അതിന്റെ മറവിലാണ് തോട്ടിൽ ചത്ത ജീവികൾ, കക്കൂസ്, മാലിന്യം, അത്താണിയിൽ നിന്നൊഴുക്കിവിടുന്ന വമ്പൻ ഫ്ലാറ്റുകളിലെ മാലിന്യം, കോഴി ഫാം മാലിന്യം, സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യം തുടങ്ങിയവ തോട്ടിൽ തളളുന്ന അവസ്ഥയുണ്ടായത്.
ദുർഗന്ധം അസഹ്യമായതോടെ പ്രദേശവാസികളും, കൃഷിക്കാരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പമ്പിംഗ് നിർത്തി വച്ചിരിക്കുകയാണ്. രാസമാലിന്യമൊഴുകിയ പ്രദേശത്ത് അൻവർ സാദത്ത് എംഎൽഎയും മറ്റ് ജനപ്രതിനിധികളും സന്ദർശിച്ചു.
പുത്തൻതോട് ഇറിഗേഷൻ കനാലിൽ മാലിന്യമെത്താൻ ഇടയാക്കിയ സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും മാലിന്യമൊഴിവാക്കി തോട്ടിൽ സുഗമമായി വെള്ളം ഒഴുകാനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, മുൻ പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി അശോകൻ തുടങ്ങിയവർ എംഎൽഎക്കൊപ്പം സ്ഥലം സന്ദർശിച്ചു.