ടച്ച് വെട്ടിന്റെ പേരിൽ തെങ്ങിൻ തൈ വെട്ടിനശിപ്പിച്ചെന്ന്
1542008
Saturday, April 12, 2025 4:35 AM IST
കൂത്താട്ടുകുളം : ടച്ച് വെട്ടിന്റെ പേരിൽ വീട്ടുമുറ്റത്തുനിന്ന തെങ്ങിൻ തൈയുടെ കൈകൾ വെട്ടി നശിപ്പിച്ചതായി പരാതി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം - വടകര റോഡിൽ പൈറ്റക്കുളത്തിനു സമീപം നെടുംപറന്പിൽ എൻ.ജെ കുര്യാക്കോസിന്റെ വീട്ടുമുറ്റത്ത് നിന്ന തെങ്ങിൻ തൈയാണ് വെട്ടി നശിപ്പിച്ചത്.
വീട്ട് ഉടമസ്ഥർ സ്ഥലത്തില്ലാത്ത സമയത്താണ് കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിൽ നിന്നും ടച്ചിംഗ് വെട്ടുന്നതിനായി എത്തിയ ജീവനക്കാർ വീട്ടുമുറ്റത്ത് നിന്ന തെങ്ങിൻ തൈയുടെ കൈകൾ പൂർണമായി വെട്ടിനശിപ്പിച്ചത്. സമീപത്തെ വീട്ടിലും സമാനമായ രീതിയിൽ തെങ്ങിൻതൈ വെട്ടി നശിപ്പിച്ചിട്ടുണ്ട്.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് കൂത്താട്ടുകുളത്തെ കെഎസ്ഇബി ഓഫീസിൽ പരാതി നൽകി. വീട്ടുകാർ ഓഫീസിൽ പരാതി നൽകിയതറിഞ്ഞ് ടച്ചിംഗ് വെട്ടാനെത്തിയ കരാർ ജീവനക്കാർ വീണ്ടും സ്ഥലത്തെത്തി മോശമായി പെരുമാറിയതായി വയോധികനായ വീട്ടുടമ പറഞ്ഞു.
വീട്ടുകാർക്ക് ഉണ്ടായിട്ടുള്ള നഷ്ടപരിഹാരം നൽകാൻ തയാറാണെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടുടമയോട് പറഞ്ഞിരിക്കുന്നത്.