കുരുക്കൊഴിയാതെ പുറയാർ ഗേറ്റ്: മേൽപ്പാലം നിർമാണം ഇഴയുന്നു
1542184
Sunday, April 13, 2025 4:26 AM IST
ആലുവ: പുറയാർ റെയിൽവേ മേൽപ്പാലം പദ്ധതി വൈകിയതോടെ റെയിൽവേ ഗേറ്റിൽ വാഹനങ്ങളുടെ നീണ്ട നിര. തുരുത്ത്, കാലടി, ചൊവ്വര മേഖലകളിലേക്ക് പോകുന്ന നൂറു കണക്കിന് ബസുകൾ അടക്കമുള്ള വാഹനങ്ങളാണ് റെയിൽവേ ക്രോസിൽ കുടുങ്ങിക്കിടക്കുന്നത്.
കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര റെയിൽവേ ഗേറ്റിനിരുവശത്തും പതിവ് കാഴ്ചയാണ്. മൂന്നും, നാലും ട്രെയിനുകൾ കടന്നു പോയാലേ ഗേറ്റ് തുറക്കൂ. അടിക്കടി തീവണ്ടികൾ ആയതോടെ ഗേറ്റ് തുറന്നിരിക്കുന്ന സമയത്തേക്കാളേറെ അടഞ്ഞുകിടക്കുകയാണ്. തുറന്നാൽ തന്നെ മിനിറ്റുകൾക്കകം അടയ്ക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
തോട്ടുമുഖം - തുരുത്ത് സീപോർട്ട് എയർപോർട്ട് പാലം വന്നതിനുശേഷം ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളും പെരുകി. ടോറസുകൾ, ടിപ്പറുകൾ കണ്ടെയ്നർ ലോറികൾ ഉൾപ്പടെ ഇതിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങൾ നിരവധിയാണ്.
കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇവിടെ മേൽപാലമെന്നത്. ആലുവയിൽ നിന്നും കാലടി, മലയാറ്റൂർ, തിരുവൈരാണിക്കുളം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണിത്.
എന്നാൽ ഒച്ചിഴയും വേഗത്തിലാണ് കാര്യങ്ങളുടെ പോക്ക്. പത്ത് ഭൂവുടമകൾക്കായി 3.78 കോടി രൂപ അനുവദിച്ചിട്ടെങ്കിലും സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല.
പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.