‘തങ്കളം-കാക്കനാട് നാലുവരി പാതയും ഭൂതത്താൻകെട്ട് പദ്ധതിയും യാഥാർഥ്യമാക്കണം’
1542202
Sunday, April 13, 2025 4:44 AM IST
കോതമംഗലം: യുഡിഎഫ് ഭരണകാലത്ത് പ്രഖ്യാപിച്ച് തുടങ്ങിവച്ച തങ്കളം-കാക്കനാട് നാലുവരി പാതയും തങ്കളം-കോഴിപ്പിള്ളി റിംഗ് റോഡും ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയും ഉടൻ യാഥാർഥ്യമാക്കണമന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോതമംഗലം നിയോജക മണ്ഡലത്തിലെ ചേലാട് സിന്തറ്റിക് സ്റ്റേഡിയവും യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനാതിർത്തി മേഖലയിൽ ട്രഞ്ച് നിർമാണം നടത്തുക, വന്യമൃഗാക്രമണത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഉടൻ നൽകുക, ഗുരുതരമായി പരിക്കേറ്റവർക്ക് പ്രഖ്യാപിച്ച ധനസഹായം നൽകുക, കൃഷി നശിച്ച കർഷകർക്ക് ലഭിക്കേണ്ട മൂന്നര കോടിയുടെ കുടിശിക തുക ഉടൻ നൽകുക,
ആലുവ-മൂന്നാർ റോഡ് സമരത്തിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, ഡീൻ കുര്യാക്കോസ് എംപി, മറ്റ് ജനപ്രതിനിധികൾ എന്നിവർക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസ് പിൻവലിക്കണമെന്നും കോണ്ഗ്രസ് കൂട്ടായ്മ ആവശ്യപ്പെട്ടു. കോണ്ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി.