"അത്താണി പാലം പുനർനിർമിക്കണം': യൂത്ത് കോൺ. പ്രവർത്തകർ റോഡ് ഉപരോധിച്ചു
1541988
Saturday, April 12, 2025 4:18 AM IST
കാക്കനാട്: പാലാരിവട്ടം - കുമാരപുരം റോഡിൽ പുറവൻകര ഫ്ലാറ്റിനു സമീപമുള്ള അത്താണിപാലത്തിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന് ബലക്ഷയമുണ്ടായിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് യൂത്ത് കോൺ. ആരോപിച്ചു. നിരവധി ബസുകളും, അമിതഭാരം കയറ്റുന്ന ടോറസുകളും നിരന്തരം കടന്നുപോകുന്ന പാലത്തിന്റെ കൈവരികൾ തകർന്നിട്ട് തന്നെ ഏറെ കാലമായെന്ന് സമരക്കാർ പറയുന്നു.
പാലത്തിനടിയിലെ കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
പാലം പുനർനിർമിക്കുന്നതിനു ഉമ തോമസ് എംഎൽഎ യുടെ ഇടപെടൽ മൂലം അഞ്ചു കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും നിർമാണം നടന്നിട്ടില്ല. സമരക്കാരെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സൺ ജോളി, തൃക്കാക്കര നഗര സഭ വികസനകാര്യ സമിതി അധ്യക്ഷ സ്മിത സണ്ണി, കോൺഗ്രസ് തൃക്കാക്കര നോർത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി. വിജു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ പി.എസ്. സുജിത്, ബാബു ആന്റണി, മണ്ഡലം വൈസ് പ്രസിഡന്റ് സിന്റോ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.