തിരക്കിലമര്‍ന്ന് വിഷു വിപണി
1542175
Sunday, April 13, 2025 4:15 AM IST
കൊച്ചി: വിഷു ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ ജനത്തിരക്ക്. വിഷുക്കണി, സദ്യ തുടങ്ങിയവയ്ക്കുള്ള സാധന സാമഗ്രികളും വിഷുക്കോടി വാങ്ങുന്നതിനുമുള്ള തിരക്കിലാണ് ആളുകള്‍. ആഘോഷം പൊടിപൊടിക്കുന്നതിന്റെ ഭാഗമായി പടക്ക വിപണിയിലും മുന്‍ വര്‍ഷത്തേക്കാള്‍ കച്ചവടം നടക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
കണിക്കൊന്നയും വെള്ളരിയും ചക്കയും മാങ്ങയുമെല്ലാം അടങ്ങുന്ന വിഷക്കണിക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ തിരക്കേറി. ഇതോടൊപ്പം വിഗ്രഹങ്ങളും റെഡിയാണ്. 150 രൂപ മുതല്‍ 2000 രൂപ വരെ നീളുന്നതാണ് കൃഷ്ണ വിഗ്രഹങ്ങളുടെ വില. പ്ലാസ്റ്റിക് പൂക്കളുണ്ടെങ്കിലും കണിക്കൊന്ന ഓര്ജിനലിന് തന്നേയാണ് ഡിമാൻഡ്.
നേരത്തെ വാങ്ങിവച്ചാല്‍ വാടി പോകുമെന്നതിനാല്‍ പൂവിപണി ഇന്നത്തോടെ പൂര്‍ണ തോതില്‍ ഉണരും. കണി വെള്ളരി, മാങ്ങ, ചക്ക മുതലായവയാണ് ആളുകള്‍ കൂടുതലായും വാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കാര്യമായ വിലവര്‍ധനവ് ഇല്ലാത്തതിനാല്‍ വലിയ തോതില്‍ കച്ചവടം നടക്കുന്നുണ്ടെന്ന് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറഞ്ഞു. കിലോക്ക് 50 രൂപ വരെയാണ് കണിവെള്ളരിയുടെ വില. 40 മുതല്‍ 60 രൂപ വരെയാണ് ചക്കയുടെ വില. എന്നാല്‍, മാങ്ങയ്ക്ക് കിലോയ്ക്ക് 120 രൂപ വരെയാണ് വില നിലവാരം.
സദ്യക്കായി ആളുകള്‍ പച്ചക്കറി വാങ്ങുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. സദ്യയ്ക്ക് കൂടുതലായും കാറ്ററിംഗ് സ്ഥാപനങ്ങളെയും ഹോട്ടലുകളെയുമാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ വിഷുസദ്യയ്ക്ക് മികച്ച ഓഫറുകളമായി നഗരത്തിലെ ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും സജീവമാണ്.