കുണ്ടന്നൂരിൽ ചീഞ്ഞ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു
1541975
Saturday, April 12, 2025 4:10 AM IST
മരട്: കുണ്ടന്നൂർ ജംഗ്ഷനു സമീപം വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ മരട് നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി നശിപ്പിച്ചു. അനധികൃതമായി മത്സ്യവ്യാപാരം നടത്തിവന്ന കച്ചവടക്കാരെയും മേഖലയിൽനിന്ന് ഒഴിപ്പിച്ചു.
ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ ഇവിടെനിന്ന് പക്ഷികൾ കൊത്തിവലിച്ച് വാട്ടർ അഥോറിറ്റിയുടെ കുണ്ടന്നൂരിലെ കുടിവെള്ള ടാങ്കിൽ നിക്ഷേപിക്കുന്നതായി അസി. എക്സി. എൻജിനീയർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. അധികൃതർ നിരവധി തവണ ഒഴിയുന്നതിന് നിർദേശം നൽകിയിരുന്നിട്ടും കച്ചവടക്കാർ ധിക്കാരപൂർവം തുടരുകയായിരുന്നു.
ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് നഗരസഭാ സെക്രട്ടറി മരട് പോലീസിന് നൽകിയ പരാതിയിൽ കേസുടുത്തിരുന്നു. തുടർന്നും ഒഴിയാതെ വന്നതോടെയാണ് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മരട് പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ നഗരസഭാ ആരോഗ്യവിഭാഗം നശിപ്പിച്ചു.
ക്ലീൻസിറ്റി മാനേജർ പ്രേംചന്ദിന്റെ നേതൃത്വത്തിൽ നടത്തിയ ഒഴിപ്പിക്കൽ നടപടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, വിനു മോഹൻ, ഹനീസ്, അനീസ് എന്നിവർ നേതൃത്വം നൽകി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ വ്യാപാരം ചെയ്യാൻ അനുവദിക്കില്ലെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ റിനി തോമസ് അറിയിച്ചു.