മഹാരാജാസ് ഗ്രൗണ്ടിൽ മത്സരം നടത്താൻ പിടിഎ ഫണ്ടിലേക്കു പണം ആവശ്യപ്പെട്ടു
1542183
Sunday, April 13, 2025 4:26 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അഖിലേന്ത്യാ ഫെഡറേഷൻ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പ് നടത്തുന്നതിന്റെ പേരിൽ സംഘാടകരോടു പിടിഎ ഫണ്ടിലേക്കു തുക ആവശ്യപ്പെട്ട് കോളജ് അധികൃതർ. പിടിഎ ഫണ്ടിലേക്ക് 10,000 രൂപയാണ് നടത്തിപ്പുകാരോട് ആവശ്യപ്പെട്ടത്. ഇവയ്ക്കു പുറമേ ഗ്രൗണ്ട് പരിപാലനത്തിനായി പ്രതിദിനം 15,000 രൂപയും ആവശ്യപ്പെട്ടതായി സംഘാടകർ അറിയിച്ചു.
ഒരു കായിക മത്സരം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നതിന്റെ പേരിൽ കോളജ് പിടിഎ ഫണ്ടിലേക്ക് പണം ആവശ്യപ്പെടുന്നതിന് ന്യായീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി ടി.ജെ. വിനോദ് എംഎൽഎ ജില്ലാ കളക്ടർക്ക് കത്തു നൽകി. ഗ്രൗണ്ടിനോടനുബന്ധിച്ചുള്ള പവലിയനിലെ കടമുറികളുടെ വാടക കുടിശിക ഇനത്തിൽ ലഭിക്കാനുള്ള കോടിക്കണക്കിനു രൂപയും നിയമക്കുരുക്കിലാണ്.
ജിസിഡിഎ നിർമിച്ച് 10 വർഷം വാടക ഉൾപ്പടെ പിരിച്ചതിനു ശേഷം ഗ്രൗണ്ട് പരിപാലനത്തിനായി ആവശ്യമായ തുക കണ്ടെത്താനുള്ള മാർഗമെന്ന നിലയിൽ കടമുറികൾ കൈമാറിയതാണ്. വാടകക്കുടിശിക പിരിച്ചു ഗ്രൗണ്ട് പരിപാലത്തിന് ഉപയോഗപ്പെടുത്തതാതെ അതിന്റെ ഭാരം കായികമേള സംഘാടകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അന്യായമാണ്.
നിലവിലെ കോളജ് അധികൃതരുടെ പ്രവർത്തനവും നിലപാടുകളും മറ്റും കായിക താരങ്ങളെയും മത്സര സംഘാടകരെയും, കായിക സംഘടനകളെയും മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും. നഗരത്തിലെ സിന്തറ്റിക്ക് അത്ലറ്റിക് ടർഫുള്ള ഏക സ്റ്റേഡിയം എന്ന നിലയിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ വിഷയം ഗൗരവമുള്ളതാണ്.
ഇതു കണക്കിലെടുത്ത് ആവശ്യമായ പരിശോധനകൾ നടത്തി അഖിലേന്ത്യാ ഫെഡറേഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും തുടർന്ന് വരാനിരിക്കുന്ന മറ്റു കായിക മേളകൾക്കും തടസങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലാ കളക്ടർ ഇടപെടൽ നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.