പൈങ്ങോട്ടൂരിലും പരിസരങ്ങളിലും മോട്ടോർ മോഷണം വ്യാപകം
1542002
Saturday, April 12, 2025 4:35 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സമീപകാലത്ത് മോട്ടോർ പന്പ് സെറ്റുകളുടെ മോഷണം വ്യാപകമാകുന്നു. ഒറ്റപ്പെട്ട വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് മോഷണം പോകുന്നത്. മോട്ടോർ പന്പ് സെറ്റുകൾക്ക് പുറമെ റബർ ഷീറ്റ്, ഒട്ടുപാൽ തുടങ്ങിയവയും മോഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ആനത്തുഴി തൃപ്പള്ളി കവലയിൽ നിന്ന് മോട്ടോർ നഷ്ടപ്പെട്ടിരുന്നു. രണ്ടുദിവസം മുന്പ് ഇതിനടുത്തുള്ള മറ്റൊരു വീട്ടിൽനിന്നും മോട്ടോർ പൈപ്പ് സഹിതം കടത്തിക്കൊണ്ടുപോയി. പ്രദേശത്തെ മോഷണക്കേസിൽ പ്രതികളായ നാലംഗ സംഘത്തെ ഒരു മാസം മുന്പ് പിടികൂടിയിരുന്നു.
റിമാൻഡിനുശേഷം പുറത്തിറങ്ങിയ പ്രതികൾ ഇപ്പോഴും നാട്ടിൽ ചുറ്റിത്തിരിയുകയാണെന്ന് പരാതിയുണ്ട്. രാത്രികാലങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.