കനത്ത ചൂടില്‍ പനിച്ച് ജില്ല
1542181
Sunday, April 13, 2025 4:15 AM IST
കൊച്ചി: വേനല്‍ കടുത്തതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികളും തലപൊക്കി തുടങ്ങി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ വിവിധ ആശുപത്രികളിലായ പനിക്ക് ചികിത്സ തേടിയത് 1718 പേരാണ്. ജില്ലയില്‍ ഈ ദിവസങ്ങളില്‍ 10 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതിനുപുറമേ നാലു പേര്‍ക്ക് മലേറിയയും 10 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഞ്ഞപ്ര, ബിനാനിപുരം, മഴുവന്നൂര്‍, മൂക്കന്നൂര്‍, നെടുമ്പാശേരി, ചൊവ്വര, എടത്തല, മൂലംകുഴി, മുളവുകാട്, കാലടി എന്നീ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പനിക്ക് ചികിത്സ തേടിയവരില്‍ 35 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങള്‍ ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ട്. രണ്ടു പേര്‍ക്ക് എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആരോഗ്യവകുപ്പ് മഴക്കാലപൂര്‍വ ശുചീകരണ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം എത്തിക്കുന്ന ടാങ്കര്‍ ലോറികളിലടക്കം പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി.