കണ്ടനാട് പാടശേഖരത്തിലെ സൂര്യകാന്തിത്തോട്ടത്തിൽ വിളവെടുപ്പുത്സവം
1541983
Saturday, April 12, 2025 4:18 AM IST
കൃഷി നടത്തുന്നത് കണ്ടനാട് കൃഷി കൂട്ടായ്മ
ഉദയംപേരൂർ: വിഷുവിനെ വരവേറ്റ് കണ്ടനാട് പാടശേഖരത്തിലെ വിളവെടുപ്പ് ഉത്സവം. വിടർന്നു നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ് മനോഹരമായ കാഴ്ചയൊരുക്കുകയാണ് ഉദയംപേരൂർ പഞ്ചായത്തിലെ കണ്ടനാടുള്ള പാടശേഖരം.
സൂര്യകാന്തിപ്പൂക്കളും നടപ്പാതയ്ക്ക് ഇരുവശവുമുള്ള പച്ചക്കറികളും കൊണ്ട് സമ്പന്നമായ പാടശേഖരത്തിലെ വിളവെടുപ്പുത്സവം നടൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് പാടിയും പൊട്ടിച്ചിരിച്ചും നാട്ടുകാർക്കൊപ്പം ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും കൂടി. കണ്ടനാട് കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇവിടെ എല്ലാ വർഷവും കൃഷിയിറക്കുന്നത്.
പഞ്ചായത്തിലെ ഏക തരിശു രഹിത വാർഡായ കണ്ടനാട് പാടത്തിൽ മൂന്നാം തവണയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നത്. ഇത്തവണ ഒരേക്കർ സ്ഥലത്താണ് സൂര്യകാന്തി കൃഷിയുള്ളത്. കൃത്യമായ നനയും ജൈവ വളവുമാണ് സൂര്യകാന്തിക്കുള്ള പരിചരണം.
ഇവിടെ നെൽക്കൃഷി കഴിയുമ്പോൾ തന്നെ പച്ചക്കറിയും സൂര്യകാന്തിയും വളർത്തി തുടങ്ങും. പാവയ്ക്ക, പീച്ചിങ്ങ, ചുരക്ക, വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളാണ് പ്രധാനമായുമുള്ളത്. വിഷുക്കണിക്കുള്ള വെള്ളരി മൂപ്പെത്തിയിട്ടുണ്ട്. തണ്ണിമത്തനും കണിവെള്ളരിയും ഷമാമും ഇവിടെയുണ്ട്. നാടിന്റെ പല ഭാഗങ്ങളിൽ നിന്നുള്ളവർ സൂര്യകാന്തിപ്പാടം കാണാൻ ഇവിടെയെത്തുന്നുണ്ട്.
വിളവെടുക്കുന്ന പച്ചക്കറിയും പഴവർഗങ്ങളും അതേ തനിമയോടെ ഇവിടെ നിന്നു വാങ്ങാം. ഇവിടെത്തന്നെ കൃഷി ചെയ്ത അരിയും വിൽപ്പനയ്ക്കുണ്ട്.