പീച്ചാനിക്കാട് ക്ഷേത്രക്കുളം നവീകരിച്ചു
1541991
Saturday, April 12, 2025 4:27 AM IST
അങ്കമാലി: അങ്കമാലി നഗരസഭ അമൃത്-2 പദ്ധതിയിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പീച്ചാനിക്കാട് നരസിംഹ മഹാദേവ ക്ഷേത്രം വക കുളത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിച്ചു.
അങ്കമാലി നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോജി എം. ജോൺ എംഎൽഎ മുഖ്യാതിഥി ആയിരുന്നു.
അമിത നഗരവത്കരണത്തിന്റെ ഭാഗമായി മലിനമാക്കപ്പെടുന്ന ജലസ്രോതസുകൾ പുനരുജീവിപ്പിക്കുക, മാലിന്യ സംസ്കരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ഹരിതാഭമായ പാരിസ്ഥിതിക ഭദ്രത ഉറപ്പാക്കുന്ന പാർക്കുകൾ നിർമിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്.
വിസ്തൃതവും പുരാതനവുമായ അമ്പലക്കുളം നിരവധി ആളുകൾ ഉപയോഗിച്ചിരുന്നതാണ്. ഏറെ വർഷങ്ങളായി യാതൊരു വിധത്തിലുള്ള നവീകരണ പ്രവർത്തനങ്ങളും നടത്താതെ അരികുകൾ ഇടിഞ്ഞും ചെളി നിറഞ്ഞും കാടു പിടിച്ച നിലയിൽ നാശോന്മുഖമായി മാറിക്കൊണ്ടിരുന്ന കുളം അമൃത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്.