സിഐഎസ്എഫ് സൈക്ലത്തണ്‍ ഇന്ന് കൊച്ചിയിലെത്തും
1537594
Saturday, March 29, 2025 4:36 AM IST
കൊച്ചി: കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കോസ്റ്റല്‍ സൈക്ലത്തണ്‍ ഇന്ന് വൈകിട്ട് 6.30ന് കൊച്ചിയിലെത്തും. കൊച്ചി രാജേന്ദ്ര മൈതാനത്ത് സൈക്ലത്തണിന്റെ സ്വീകരണ സമ്മേളനം നടക്കും. സിനിമാതാരങ്ങള്‍, സൈനിക ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസുകാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുക്കും.
സുരക്ഷിത തീരങ്ങള്‍, സമൃദ്ധ ഇന്ത്യ എന്ന ആശയത്തിന് കീഴില്‍ ദേശീയ സുരക്ഷയേയും തീരദേശ മേഖലകളിലെ അസാധാരണമായ വെല്ലുവിളികളെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്ലത്തണ്‍ സംഘടിപ്പിക്കുന്നത്. 14 വനിതകളടക്കം 125 സമര്‍പ്പിത സിഐഎസ്എഫ് സൈക്ലിസ്റ്റുകള്‍ 6,553 കിലോമീറ്ററുകളിലായി 25 ദിവസത്തെ കഠിനപര്യടനം നടത്തുകയാണ്.
മുംബൈ, ഗോവ, മംഗലാപുരം, കൊച്ചി, ഹാല്‍ദിയ, കൊണാര്‍ക്ക്, വിശാഖപട്ടണം, ചെന്നൈ, പോണ്ടിച്ചേരി എന്നിവയുള്‍പ്പെടെയുള്ള പ്രധാന തീരദേശ നഗരങ്ങളിലൂടെ സൈക്ലിസ്റ്റുകള്‍ സഞ്ചരിച്ച് മാര്‍ച്ച് 31ന് കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തില്‍ യാത്ര സമാപിക്കും. www.cisfcyclo thon.com വെബ്സൈറ്റില്‍ വെര്‍ച്വല്‍ റാലിയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുജനങ്ങള്‍ക്കും പിന്തുണ അറിയിക്കാം.