മാലിന്യമുക്തം നവകേരളം : സമ്പൂര്‍ണ ശുചിത്വ പട്ടികയില്‍ കൊച്ചിയില്ല
1538228
Monday, March 31, 2025 4:05 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സമ്പൂര്‍ണ ശുചിത്വ പട്ടികയില്‍നിന്ന് കൊച്ചി കോര്പറേഷന് പുറത്ത്. ജില്ലയിൽ ചെങ്ങമനാട്, കുന്നുകര, കുന്നത്തുനാട് എന്നീ മൂന്നു പഞ്ചായത്തുകളും കൊച്ചി, തൃക്കാക്കര, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ എന്നീ നാലു നഗരസഭകളും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
എല്‍ഡിഎഫ് ഭരിക്കുന്ന ഏക തദ്ദേശസ്ഥാപനമായ കൊച്ചി കോര്പറേഷന് പുറത്തായത് നഗരത്തിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ തിരിച്ചടിയായി. കൊച്ചിക്കും കുന്നത്തുനാടിനും പുറമേയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കുന്നത്തുനാട് പഞ്ചായത്ത് ട്വന്റി 20യും.
അതേസമയം ജില്ലയിലെ 10 നഗരസഭകളും 79 പഞ്ചായത്തുകളും സമ്പൂര്‍ണ ശുചിത്വ അംഗീകാരത്തിന് അര്‍ഹരായി. 1280 പഞ്ചായത്ത് വാര്‍ഡുകളെയും 400 മുനിസിപ്പാലിറ്റി കോര്പറേഷന് ഡിവിഷനുകളെയുമാണ് മാലിന്യ മുക്ത ഇടങ്ങളായി പ്രഖ്യാപിച്ചത്.
കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഉറവിട മാലിന്യ സംസ്കരണവും നിര്‍മാര്‍ജനവും, പ്ലാസ്റ്റിക് നിരോധനം തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങള്‍.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അംഗീകാരം നേടിയെടുക്കും: മേയര്‍
സമ്പൂര്‍ണ ശുചിത്വ പട്ടികയില്‍ ഇപ്പോള്‍ ഇടംനേടിയില്ലെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അംഗീകാരം നേടിയെടുക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍. ആദ്യഘട്ടം വിജയകരമാക്കാനായി.
സ്ഥലം എംപി, എംഎല്‍എമാര്‍ എന്നിവരുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. മേയ് അവസാനത്തോടെ കൊച്ചി നഗരസഭയും സമ്പൂര്‍ണ ശുചിത്വ പട്ടികയില്‍ ഉള്‍പ്പെടുമെന്നും മേയര്‍ പറഞ്ഞു.