മൂവാറ്റുപുഴയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
1538257
Monday, March 31, 2025 4:54 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ടുനിന്ന മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഴകിൽ മുന്നിൽ മൂവാറ്റുപുഴ കാമ്പയിൻ പൂർത്തിയായ സാഹചര്യത്തിലാണ് സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചത്. കെ.എം. ജോർജ് മെമ്മോറിയൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ശുചിത്വ സദസിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് പ്രഖ്യാപനം നടത്തി.
നഗരസഭാ ശുചിത്വ ബ്രാൻഡ് അംബാസിഡർ മീനാക്ഷി അനൂപ് മുഖ്യാതിഥിയായി. മാലിന്യമുക്ത കേരളം പദ്ധതിയിലൂടെ സ്നേഹ ആരാമങ്ങൾ, ഹരിത വീഥികൾ, പച്ചത്തുരുത്തുകൾ, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, സംസ്ഥാനതല ശ്രദ്ധയാകർഷിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, ജനകീയ ശുചീകരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കാലങ്ങളായി ഉപയോഗശൂന്യമായ സ്ഥലം വീണ്ടെടുക്കുന്നതിനായി മാലിന്യം തരംതിരിച്ച് നീക്കം ചെയ്യുന്നതിനായി ബയോമൈനിംഗ് ആരംഭിച്ചു.
ഹരിത കർമ സേന, ഹരിത മിത്രം ആപ്പ്, മാലിന്യ നീക്കത്തിനായി വാഹനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി. ഇത്തരത്തിലുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതുവഴിയാണ് നഗരസഭ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന് കഴിഞ്ഞത്. വൈസ് ചെയർപഴ്സൺ സിനി ബിജു അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്. സിമി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി നഗരസഭ ഓഫീസിനു മുന്നിൽനിന്നു വിളംബര ജാഥ സംഘടിപ്പിച്ചു.