കുട്ടന്പുഴയിൽ റോഡ് പുറന്പോക്ക് താമസക്കാർക്ക് പട്ടയം
1537822
Sunday, March 30, 2025 4:50 AM IST
കോതമംഗലം: കുട്ടന്പുഴ വില്ലേജിലെ പൊതുമരാമത്ത് റോഡുകളോട് ചേർന്ന് വരുന്ന പുറന്പോക്ക് ഭൂമിയിലെ താമസക്കാർക്ക് പട്ടയം നൽകുന്നതിനുള്ള തടസങ്ങൾ നീങ്ങി സർക്കാർ ഉത്തരവായതായി ആന്റണി ജോണ് എംഎൽഎ. കോതമംഗലം നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
കോതമംഗലം താലൂക്കിൽ കുട്ടന്പുഴ വില്ലേജിലെ കുട്ടന്പുഴ - ആനക്കയം റോഡ്, കുട്ടന്പുഴ - ഉരുളൻതണ്ണി - പിണവൂർകുടി റോഡ് എന്നീ പൊതുമരാമത്ത് റോഡുകളോട് ചേർന്ന് വരുന്ന റവന്യൂ പുറന്പോക്ക് ഭൂമിയിൽ താമസിക്കുന്ന ആളുകൾക്ക് ഭൂമി പതിച്ചു നൽകുന്നതിനുളള തടസങ്ങൾ നീങ്ങി സർക്കാർ ഉത്തരാവായിട്ടുള്ളതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പട്ടയ അസംബ്ലിയിൽ കോതമംഗലം നഗരസഭയിലേയും താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
കോതമംഗലം നഗരസഭയിൽ അതിദരിദ്രർക്കായി കണ്ടെത്തിയിട്ടുള്ള ഭൂമിയിൽ പട്ടയം നൽകുന്നത് സംബന്ധിച്ചും കോളനി പട്ടയങ്ങൾ നൽകുന്നതിലെ നടപടികൾ സംബന്ധിച്ചും നഗരസഭാധ്യക്ഷൻ കെ.കെ. ടോമി സംസാരിച്ചു. കീരംന്പാറ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ പുഴ പുറന്പോക്കിൽ താമസിക്കുന്ന ആളുകൾക്ക് പട്ടയം നൽകുന്നതിനും കുട്ടന്പുഴ പഞ്ചായത്തിലെ കോളനി പട്ടയങ്ങൾ നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെട്ടു.
പട്ടയ അസംബ്ലിയിൽ ഉന്നയിച്ച വിഷയങ്ങളിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ, സ്പെഷൽ തഹസിൽദാർ സജിമോൻ മാത്യു എന്നിവർ വിശദമാക്കി.