പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മരപ്പട്ടിയെ രക്ഷപ്പെടുത്തി
1538256
Monday, March 31, 2025 4:54 AM IST
കോതമംഗലം: കോതമംഗലത്തിന് സമീപം റോഡരികിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മരപ്പട്ടിയെ വനപാലകർ രക്ഷപ്പെടുത്തി. കോതമംഗലം അമ്പലപ്പറ ഭാഗത്ത് ജനവാസ മേഖലയിലാണ് മരപ്പട്ടിയെ കണ്ടത്. സമീപവാസിയായ ജോബിയാണ് പരിക്കേറ്റ നിലയിൽ മരപ്പട്ടിയെ ആദ്യം റോഡരികിൽ കാണുന്നത്. ഉടനെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
പുറമെ പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും മരപ്പട്ടി വളരെ ക്ഷീണിതനായാണ് കാണപ്പെട്ടത്. വിവരമറിഞ്ഞ് നിരവധിയാളുകൾ മരപ്പട്ടിയെ കാണാനെത്തി. പലരും ആദ്യമായാണ് മരപ്പട്ടിയെ അടുത്ത് കാണുന്നത്.
കോതമംഗലത്തുനിന്ന് ആർആർടി സംഘം സ്ഥലത്തെത്തി മരപ്പട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മരപ്പട്ടിയെ നിരീക്ഷണത്തിന് ശേഷം വനത്തിൽ തുറന്നുവിടും.