എയർ കണ്ടീഷൻ മോഷണം: മോഷ്ടാവിനെ തൊണ്ടി സഹിതം സ്റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവർ
1537819
Sunday, March 30, 2025 4:40 AM IST
ആലുവ: എയർ കണ്ടീഷൻ യൂണിറ്റുകൾ മോഷ്ടിച്ച് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ജില്ലാ പോലീസ് മേധാവിയുടെ ആദരം. ആലുവയിൽ ഓട്ടോ ഓടിക്കുന്ന ഉളിയന്നൂർ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടിൽ സുധീറിനെയാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അനുമോദന പത്രം നൽകി ആദരിച്ചത്.
തമിഴ്നാട് ഗാന്ധിനഗർ സ്വദേശി സുരേഷ് കുമാറാണ് ഓട്ടോ ഡ്രൈവറുടെ സൂത്രത്തിൽ കുടുങ്ങിയത്. കഴിഞ്ഞ 24ന് രാത്രിയിലായിരുന്നു സംഭവം. കുറച്ച് സ്ക്രാപ്പ് കമ്പനിപ്പടിയിലേക്ക് കൊണ്ടുപോകണമെന്നു പറഞ്ഞ് ബൈപ്പാസ് ബസ്സ്റ്റോപ്പിൽനിന്നാണ് സുധീറിനെ ഓട്ടം വിളിച്ചത്.
രണ്ട് എസി യൂണിറ്റും, ഒരു മോട്ടോറും ആയിരുന്നു കൊണ്ടുപോകേണ്ടിയിരുന്നത്.
സംശയം തോന്നിയ സുധീർ ഓട്ടം പോകാൻ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോഴും മോഷ്ടാവ് തയാറായി. തുടർന്ന് ഊടുവഴികളിലൂടെ യാത്ര ചെയ്താണ് പോലീസ് സ്റ്റേഷനിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയത്. പോലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റവും സമ്മതിച്ചു.
എസി യൂണിറ്റും മോട്ടോറും ആലുവയിൽ നിന്ന് മോഷ്ടിച്ചതാണെന്നും പ്രതി സമ്മതിച്ചു. കൂടാതെ നജാത്ത് ഹോസ്പിറ്റലിൽനിന്നും നേരത്തെ ഇയാൾ മോഷണം നടത്തിയതായി കണ്ടെത്തി. ഇയാൾക്കെതിരേ വടകര പോലീസ് സ്റ്റേഷനിലും കേസുണ്ട്.