കൊച്ചി കോർപേറഷൻ : മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വി.കെ. മിനിമോള്‍ രാജിവച്ചു
1537835
Sunday, March 30, 2025 4:59 AM IST
കൊച്ചി: യുഡിഎഫിനുള്ളില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഏറെ കണ്ട മരാമത്ത് സ്ഥിരം സമിതിയില്‍ വീണ്ടും രാജി. ഒന്‍പത് മാസം മുന്‍പ് സമിതി അധ്യക്ഷയായി ചുമതലയേറ്റ കോണ്‍ഗ്രസിന്റെ വി.കെ. മിനിമോളാണ് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. മുന്‍ ധാരണ പ്രകാരം അധ്യക്ഷ സ്ഥാനം കൈമാറുന്നതിന്റെ ഭാഗമാണ് രാജിയെന്ന് മിനിമോള്‍ പറഞ്ഞു.
ഈ കൗണ്‍സിലിന്റെ കാലാവധി തീരാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് അധികാരമാറ്റം. പകരം കോണ്‍ഗ്രസില്‍ നിന്നുള്ള പുതുക്കലവട്ടം കൗണ്‍സിലര്‍ സീന അധ്യക്ഷയായേക്കും. സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും നാലു വീതം കൗണ്‍സിലര്‍മാരാണുള്ളത്. മുന്‍ ചെയര്‍പേഴ്സണ്‍ സുനിതാ ഡിക്സണ്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. ഇവരുടെ പിന്തുണ ആര്‍ക്ക് ലഭിക്കുന്നുവോ അവര്‍ക്ക് സമിതിയുടെ അധ്യക്ഷയാകാം. വനിതാ സംവരണമായതില് സിപിഎം അംഗം ദീപ വര്‍മയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ഒന്നരവര്‍ഷത്തേക്ക് എന്ന ധാരണയിലാണ് ആര്‍എസ്പി അംഗമായിരുന്ന സുനിതാ ഡിക്സണ്‍ മരാമത്ത് സ്ഥിരം സമിതിയുടെ അധ്യക്ഷയാകുന്നത്. എന്നാല്‍ ഇത്തരമൊരു ധാരണ ഇല്ലെന്ന നിലപാടില്‍ മൂന്നര വര്‍ഷക്കാലം സുനിത അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സുനിതയ്ക്ക് തിരിച്ചടിയുണ്ടായി.
ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി 2024 ഏപ്രിലില്‍ അധ്യക്ഷ സ്ഥാനം സുനിത രാജിവയ്ക്കുകയും സുനിതയുടെകൂടെ പിന്തുണയോടെ മിനിമോള്‍ ചെയര്‍പേഴ്സണ്‍ ആകുകയും ചെയ്തു.
അവസാന ആറ് മാസക്കാലം അധ്യക്ഷ സ്ഥാനം സീനയ്ക്ക് നല്‍കാമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനിമോള്‍ ഇപ്പോള്‍ രാജിവച്ചത്.