പരിശോധനകള്‍ ശക്തമാക്കി പോലീസ് : ലഹരിക്കെതിരെ 37 കേസുകള്‍
1538223
Monday, March 31, 2025 4:05 AM IST
കൊച്ചി: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തിയ പോലീസ് നടത്തിയ സ്പെഷല്‍ കോമ്പിംഗ് ഓപ്പറേഷനില്‍ കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്.
ഡാന്‍സാഫ് ടീം എളമക്കര പുതുക്കലവട്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ അരകിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി മുഹമ്മദ് നിഷാദിനെ പിടികൂടിയത് കൂടാതെ മരട് എസ്ഐ ടി.കെ.സുധീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ബ്രൗണ്‍ഷുഗറും കഞ്ചാവുമായി ആസാം സ്വദേശികളെ പിടികൂടി. ഐനുള്‍ ഹഖ് (33), ഇമ്രാന് അലി (26) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 10 ഗ്രാം ബ്രൗണ്‍ ഷുഗറും 2.5 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കൂടാതെ മദ്യപിച്ചു വാഹനം ഓടിച്ചതിന് 138 കേസുകളും, അബ്കാരി ആക്ട് പ്രകാരം 22 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.