പോലീസുകാരെ മദ്യലഹരിയില്‍ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു
1537834
Sunday, March 30, 2025 4:59 AM IST
കൊച്ചി: മദ്യലഹരിയില്‍ പോലീസുകാരെ കടിച്ചുപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി തപന്‍ ബിശ്വാസി(20) നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ കടവന്ത്ര സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ലിന്റോ ഏലിയാസ്, ഷിബുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 9.30 ന് വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം. ഒരാള്‍ അക്രമാസക്തനായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെയത്തിയത്.
ഇയാളെ പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ അക്രമാസക്തനായി. ആദ്യം ലിന്റോയുടെ ഇടതുകൈപ്പത്തിയിലും തുടര്‍ന്ന് ഷിബുരാജിന്റെ ഇടതു കൈത്തണ്ടയിലും കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു.
പ്രതി മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നും സംശയമുണ്ട്. പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. പോലീസ് ഉദ്യോഗസ്ഥരും ചികിത്സ തേടി.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരേ കേസ് എടുത്തിരിക്കുന്നത്.