തണ്ണീർത്തടം നികത്തുന്നതിനിടെ ഇടക്കൊച്ചിയിൽ അഞ്ചുപേർ പിടിയിൽ
1537833
Sunday, March 30, 2025 4:59 AM IST
ഇടക്കൊച്ചി: ഫോർട്ട്കൊച്ചി സബ് കളക്ടർ സന്ദർശിച്ച് പൂർവ സ്ഥിതിയിലാക്കുമെമെന്ന് പറഞ്ഞ തണ്ണീർത്തടം വീണ്ടും നികത്തുന്നതിനിടെ ഇടക്കൊച്ചിയിൽ അഞ്ചുപേർ പോലീസ് പിടിയിലായി. അനധികൃത ഭൂമി നികത്തിലിന് വില്ലേജ് ഓഫീസർ മൂന്നു തവണ സ്റ്റോപ്പ് മെമ്മോ നൽകിയ ഭൂമിയാണ് പട്ടാപ്പകൽ നികത്താൻ ശ്രമിച്ചത്.
രണ്ടാഴ്ച മുന്പ് പാതി നികത്തിയ തണ്ണീർത്തടം സബ് കളക്ടർ സന്ദർശിച്ചിരുന്നു. അനധികൃത ഭൂമി നികത്തിന് വില്ലേജ് ഓഫീസറുടെ പരാതിയിൽ പള്ളൂരുത്തി പോലീസ് നേരത്തെ കേസും എടുത്തിരുന്നു.
ഇതിനിടെയാണ് ഭൂമി നികത്താൻ കരാർ ഏറ്റെടുത്തിരുന്ന ജോസഫ് ഉൾപ്പെടെ അഞ്ചുപേർ പള്ളൂരുത്തി പോലീസിന്റെ പിടിയിലായത്. തണ്ണിത്തടത്തിന് കുറുകെ മതിൽ കെട്ടിയാണ് നികത്തൽ. നികത്തുന്നതിനുള്ള ലോഡ് കണക്കിന് കെട്ടിടാവശിഷ്ടങ്ങൾ സമീപം കൂട്ടിയിട്ടുണ്ട്.
ഫോർട്ടുകൊച്ചി സ്വദേശി സെബാസ്റ്റ്യൻ എന്നയാളാണ് ഭൂമിയുടെ ഉടമ.വിദേശത്ത് താമസിക്കുന്ന ഇയാൾ ഭൂമി വില്പന നടത്താൻ ജോസഫിന് കരാർ നൽകിയതോടെയാണ് അനധികൃത നികത്ത് ആരംഭിച്ചത്. ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപമാണ് വിവാദമായ ഭൂമി നികത്ത് നടക്കുന്നത്.