ഓഞ്ഞിത്തോട് കൈയേറ്റം ഒഴിപ്പിക്കുന്നതിൽ അനാസ്ഥ: വിജിലൻസ് അന്വേഷണം തുടങ്ങി
1538231
Monday, March 31, 2025 4:36 AM IST
നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്ന്
ആലുവ: ഓഞ്ഞിത്തോട് കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ഓഞ്ഞിത്തോട് സംരക്ഷണ സമിതി നൽകിയ പരാതിയിൽ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ സമിതി പ്രവർത്തകരിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം ശേഖരിച്ചു.
കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഓഞ്ഞിത്തോടിന്റെ കൈയേറ്റങ്ങൾ ഒഴിവാക്കുന്ന പ്രവർത്തനങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം രണ്ടര വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാൽ അതിർത്തി നിർണയ കല്ലുകൾ സ്ഥാപിക്കുന്നതിൽ പഞ്ചായത്തുകൾ അലംഭാവം കാണിക്കുന്നതായാണ് പരാതി.
ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സർവേ ടീം സ്ഥലം അളന്നു സ്കെച്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൈയേറ്റക്കാരുടെ പട്ടിക കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾക്ക് പറവൂർ താലൂക്ക് തഹസിൽദാർ കൈമാറുകയും ചെയ്തു.
എന്നാൽ അതിർത്തി നിർണയിച്ചു കല്ലുകൾ സ്ഥാപിക്കുന്നതിൽ പഞ്ചായത്തുകൾ താത്പര്യം എടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർക്ക് സമിതി പലവട്ടം പരാതി നൽകി. ജില്ലാ കളക്ടർ നൽകിയ നിർദേശം നടപ്പിലാക്കേണ്ട ജില്ലാ സർവേയറും ഉദ്യോഗസ്ഥർ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
ഈ സാഹചര്യത്തിൽ ഓഞ്ഞിത്തോട് സമിതി സംസ്ഥാന വിജിലൻസിനെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിന് ഇരു പഞ്ചായത്തുകൾക്കും കോടതിയലക്ഷ്യ നോട്ടീസ് ഉടൻ ലഭിക്കുമെന്ന് കൺവീനർ കെ.എസ്. പ്രകാശൻ പറഞ്ഞു.
1957 ലെ രേഖകൾ പ്രകാരം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 7.5 കിലോമീറ്ററും ആലങ്ങാട് പഞ്ചായത്തിൽ 2.2 കിലോമീറ്ററുമാണ് തോടിന്റെ ദൂരം. 40 മീറ്ററിലുണ്ടായിരുന്ന തോടിന് ഇപ്പോൾ പലയിടത്തും നാലു മീറ്ററാണ് വീതി. ഇരുകരകളിലുമായി ആകെ 64 കൈയേറ്റങ്ങളാണ് 2022 മാർച്ചിൽ പൂർത്തിയായ റീ സർവെയിൽ കണ്ടെത്തിയത്.
ആലങ്ങാട്, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തുകൾ സർവേ കല്ലുകൾ സ്ഥാപിക്കാൻ സഹകരിക്കുന്നില്ലെന്നാണ് പരാതി.