മൂവാറ്റുപുഴ നഗരസഭ : ബജറ്റ് പ്രതിബദ്ധത ഇല്ലാത്തതെന്ന്, ചർച്ച ബഹിഷ്കരിച്ച് എൽഡിഎഫ് കൗണ്‍സിലർമാർ
1538259
Monday, March 31, 2025 4:54 AM IST
മൂവാറ്റുപുഴ: നഗരസഭാ ബജറ്റ് ജനങ്ങളോട് പ്രതിബദ്ധതയും ഉത്തരവാദിത്വവും ഇല്ലാത്തതാണെന്ന് ആരോപിച്ച് എൽഡിഎഫ് കൗണ്‍സിലർമാർ ചർച്ചായോഗം ബഹിഷ്കരിച്ചു. യുഡിഎഫ് ഭരണസമിതിയുടെ കഴിഞ്ഞ നാല് വർഷം പുതിയ വരുമാന നിർദേശങ്ങളില്ലായിരുന്നുവെന്ന് വൈസ് ചെയർപേഴ്സന്റെ ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചത് വരുമാനം കണ്ടെത്തുന്നതിൽ നഗരസഭ പരാജയപ്പെട്ടു എന്നാണ് തെളിയിക്കുന്നത്. വരുമാനം നേടാനുതകുന്ന നിർദേശങ്ങൾ ബജറ്റിലില്ല.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി പൂർത്തീകരിച്ച ഷീ ലോഡ്ജ്, ശ്മശാനം തുടങ്ങിയ നിരവധി പദ്ധതികൾ പ്രവർത്തിപ്പിക്കാൻ ഈ ഭരണ സമിതിയ്ക്ക് സാധിച്ചില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളാണ് ബജറ്റിലുള്ളത്.
വികസന കാഴ്ചപ്പാടുകളില്ലാത്ത നിരാശയുണ്ടാക്കുന്ന ബജറ്റാണെന്ന് ആരോപിച്ച് ബജറ്റ് ചർച്ച ചെയ്യുന്ന കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി എൽഡിഎഫ് കൗണ്‍സിലർമാർ ഇറങ്ങിപ്പോയി.
തുടർന്ന് നഗരസഭ ഓഫീസിന് മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ. രാകേഷ്, നഗരസഭാംഗങ്ങളായ പി.വി. രാധാകൃഷ്ണൻ, കെ.ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.