പരിക്കേറ്റ കുറുക്കനെ വനപാലകർക്കു കൈമാറി
1538234
Monday, March 31, 2025 4:36 AM IST
ദേശത്ത് കുറുക്കന്മാരുടെ ശല്യം രൂക്ഷം
ആലുവ: ദേശത്ത് ജനവാസ മേഖലകളിൽ കുറുക്കൻ ശല്യം വർധിക്കുന്നതായി പരാതി. റോഡരികിൽ പരിക്കേറ്റു കിടന്ന കുറുക്കൻ കുഞ്ഞിനെ പ്രഭാതസവാരിക്കാർ രക്ഷിച്ച് കോടനാട് വനപാലകർക്ക് കൈമാറി.
ദേശം ട്രിനിറ്റി ഗാർഡൻ റോഡരികിൽ നിന്നാണ് വാഹനമിടിച്ച് പരിക്ക് പറ്റിയ കുറുക്കൻ കുഞ്ഞിനെ കണ്ടെത്തിയത്. പ്രഭാത വ്യായാമങ്ങൾക്ക് എത്തിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയുടെ നേതൃത്വത്തിലാണ് കുറുക്കൻ കുഞ്ഞിനെ കൂട്ടിലാക്കി വനപാലകർക്ക് കൈമാറിയത്.
ഏതാനും മാസം മുമ്പ് തലയിൽ പെയിന്റ് പാത്രം കുടുങ്ങിയ നിലയിൽ ഒരു കുറുക്കനെ ഇവർ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുന്നത് കൂടാതെ കുറുക്കന്മാർ രാത്രികാലങ്ങളിൽ ഓരിയിടുന്നത് പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെടുത്തുന്നതായി പരാതിയുണ്ട്.
കുറുക്കന്മാരെ പിടിച്ച് മാറ്റുന്നതിന് കെണികൾ വെച്ചിട്ടും ഒന്നിനെപ്പോലും പിടിക്കുവാൻ കഴിഞ്ഞില്ല. തദ്ദേശവാസികൾ പലപ്രാവശ്യം വനപാലകർക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.