പട്ടയ അസംബ്ലി : പോഴിമലക്കാർക്ക് പട്ടയങ്ങൾ നൽകും
1537821
Sunday, March 30, 2025 4:40 AM IST
പിറവം: നഗരസഭയിലെ പോഴിമല നിവാസികൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ പട്ടയവിതരണം ഉടൻ പൂർത്തിയാക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ. പിറവത്ത് നടന്ന പട്ടയ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. കൂത്താട്ടുകുളത്തെ അമ്പലം കോളനി, ഇലഞ്ഞിയിലെ പരത്തിപ്പിള്ളി കോളനി, ഇരുമ്പനത്തെ കർഷക കോളനി, ചോറ്റാനിക്കരയിലെ തെക്കേച്ചിറ കോളനി എന്നിവിടങ്ങളിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സർവേ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
മിച്ചഭൂമി പട്ടയം പുഴ പുറമ്പോക്കിലേയും പാറ പുറമ്പോക്കിലേയും പട്ടയം സംബന്ധിച്ച് വീണ്ടും സർക്കാരിലേക്ക് അപേക്ഷ നൽകാൻ അസംബ്ലി തീരുമാനിച്ചു. പിറവത്തെ കളമ്പൂർ പുഴ പുറമ്പോക്കിൽപ്പെട്ട ഏഴ് കുടുംബങ്ങൾക്കുള്ള പട്ടയം സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പുതിയ അപേക്ഷകളിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
കൊള്ളിക്കൽ എംവിഐപി ഐബിയിൽ നടന്ന അസംബ്ലിയിൽ പിറവം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു, വൈസ് പ്രസിഡന്റ് കെ.പി. സലിം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, തഹസിൽദാർ രഞ്ജിത്ത് ജോർജ്, വിവിധ ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു.