മുറിക്കല്ല് ബൈപ്പാസ് ടെൻഡർ പൂർത്തിയായി
1538252
Monday, March 31, 2025 4:54 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചിരകാല സ്വപ്നമായിരുന്ന മുറിക്കല്ല് ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. മുറിക്കല്ല് ബൈപ്പാസിന്റെ പഴയ ഡിപിആറിലും ഡിസൈനിലും സമ്പൂർണ മാറ്റംവരുത്തി അത്യാധുനിക രീതിയിൽ വളവുകൾ നിവർത്തിയും നിലവിലെ പാലത്തിന് സമാന്തരമായ പാലം നിർമിച്ച് നാലുവരിയാക്കിയും നീരൊഴുക്കുകൾ തടസപ്പെടാതിരിക്കാൻ ലാൻഡ് സ്പാനുകളും കൾവേർട്ടുകളും ഉൾപ്പെടുത്തിയും ജിയോ ടാകിംഗ് അടക്കം പൂർത്തീകരിച്ചുമാണ് പുതിയ ഡിപിആറിന് അനുമതി നൽകിയിരിക്കുന്നത്.
മുന്പ് 50 കിലോമീറ്റർ സ്പീഡിൽ മാത്രം സഞ്ചാരം സാധിക്കുമായിരുന്ന തരത്തിലായിരുന്നു ബൈപ്പാസിന്റെ ഡിപിആർ തയാറാക്കിയിരുന്നത്. കൂടാതെ അപ്രോച്ച് റോഡുകൾക്ക് ഒരു ഭാഗത്ത് 18 മീറ്റർ വീതിയും മറുഭാഗത്ത് 20 മീറ്റർ വീതിയും ഉണ്ടെങ്കിലും പാലത്തിന്റെ വീതി ഏഴ് മീറ്റർ മാത്രമായിരുന്നു.
ഇവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി നാലുവരി യാത്ര സൗകര്യം സാധ്യമാകുന്ന രീതിയിലേക്ക് പാലത്തിന്റെ വീതി കൂട്ടാനും എങ്ങനെയെങ്കിലും മുറിക്കൽ ബൈപ്പാസ് പൂർത്തീകരിക്കുക എന്നതിനപ്പുറം ദീർഘവീക്ഷണത്തോടെ വരുംകാലങ്ങളിലെ വികസനംകൂടി മുൻകൂട്ടി കണ്ടുകൊണ്ട് വേണം പൂർത്തീകരിക്കാൻ എന്ന നിർബന്ധം തനിക്ക് ഉണ്ടായിരുന്നതായും എംഎൽഎ പറഞ്ഞു.
മുന്പ് 59.98 കോടി ആകെത്തുക വകയിരുത്തിയിരുന്ന മുറിക്കല്ല് ബൈപ്പാസ് പ്രോജക്ട് സമ്പൂർണമായ ഡിപിആർ ഭേദഗതിയോടെ 117 കോടിയായി ഉയർത്തിയാണ് ഇപ്പോൾ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ മുറിക്കല്ല് ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുപ്പിന് വേണ്ടി പുറപ്പെടുവിച്ചിരുന്ന വിജ്ഞാപനങ്ങൾ റദ്ദായി പോയിരുന്നു.
പിന്നീട് മാത്യു കുഴൽനാടൻ എംഎൽഎ ആയതിനുശേഷം മുറക്കല്ല് ബൈപ്പാസിന് വേണ്ടി 4(1) നോട്ടിഫിക്കേഷൻ അടക്കമുള്ള ആദ്യഘട്ട നടപടിക്രമങ്ങൾ മുതൽ പുനരരംഭിക്കുകയായിരുന്നു. ബൈപ്പാസ് സമയബന്ധിതമായി പൂർത്തീകരിക്കാൻ മൂവാറ്റുപുഴ നഗരസഭയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് നഗരസഭാ അധ്യക്ഷൻ പി.പി. എൽദോസ് പറഞ്ഞു.