ആശമാര്‍ക്ക് ഓണറേറിയം: കോണ്‍ഗ്രസ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല
1537837
Sunday, March 30, 2025 4:59 AM IST
കൊച്ചി: ആശാ വര്‍ക്കര്‍മാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഓണറേറിയത്തിന് പുറമേ നഗരസഭയുടെ വിഹിതമായി 3000 രൂപ അധികമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പ്രമേയം ചര്‍ച്ചയ്ക്കെടുത്തില്ല. ഭരണപക്ഷം അടക്കം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അത് കൗണ്‍സില്‍ യോഗം നീണ്ടുപോകാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചത്. അടുത്ത മാസം നടക്കുന്ന കൗണ്‍സില്‍ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാമെന്നും മേയര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കൗണ്‍സിലറും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ വി.കെ. മിനിമോളാണ് പ്രമേയം നല്‍കിയത്. വിഷയം ഗൗരവമുള്ളതാണെന്നും അവതരണത്തിന് അനുമതി നല്‍കണമെന്നും മിനിമോള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മേയര്‍ അവശ്യം നിരാകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് പ്രമേയ അവതാരകയെ കാര്യമായി പുകഴ്ത്തുകയും ചെയ്തു. മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ മിനിമോളുടെ പ്രവര്‍ത്തനം പ്രശംസനീയമാണ് എന്നായിരുന്നു മേയറുടെ കമന്റ്. ഇതിൽ മനംനിറഞ്ഞ അവതാരക പിന്‍വാങ്ങുകയും ചെയ്തു.
എമ്പുരാന് കൗണ്‍സിലില്‍ എന്ത് കാര്യം?
എമ്പുരാന് സിനിമയെ രാഷ്ട്രീയ ആയുധമാക്കാനുള്ള കോൺഗ്രസ് വനിതാ കൗൺസിലറുടെ നീക്കം പാളി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന കൗണ്സിലായിരിക്കെ, സുപ്രധാന വിഷയങ്ങളിലെ ചര്‍ച്ച തടസപ്പെടുത്തി, കെപിസിസി ജനറല്‍ സെക്രട്ടറിയും കറുകപ്പള്ളി കൗണ്‍സിലറുമായ ദീപ്തി മേരി വര്‍ഗീസാണ് കൗണ്‍സിലുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയവുമായി എഴുന്നേറ്റത്.
മലയാളസിനിമയെ ലോക സിനിമയുടെ നെറുകയില്‍ എത്തിച്ച എമ്പുരാന് ടീമിന് അഭിനന്ദനം എന്ന് പറഞ്ഞായിരുന്നു ദീപിതിയുടെ വിഷയാവതരണം. ദീപ്തി ഉന്നംവച്ച രാഷ്ട്രീയം തിരിച്ചറിഞ്ഞ ബിജെപിയും സിപിഎമ്മുമാകട്ടെ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്തിയുമില്ല. ഇതോടെ രാഷ്ട്രീയ ഉദ്ദേശം പാളിയെന്ന് ബോധ്യപ്പെട്ട ദീപ്തി അജണ്ടയില്മേല് നടന്ന ചര്‍ച്ചകളില്‍ യാതൊരുവിധ അഭിപ്രായവും പറയാതെ നിശബ്ദയായി കൗണ്‍സിലില്‍ തുടര്‍ന്നു.