മൻ കീ ബാതിൽ കായികതാരം ജോബി മാത്യുവിന് പ്രശംസ
1538240
Monday, March 31, 2025 4:36 AM IST
ആലുവ: ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ പാരാ പവർ ലിഫ്റ്റിംഗിൽ സ്വർണം നേടിയ ആലുവ സ്വദേശി ജോബി മാത്യുവിനെ മൻ കീ ബാത്തിന്റെ 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. 65 കിലോഗ്രാം പുരുഷ വിഭാഗത്തിൽ 148 കിലോഗ്രാം ഉയർത്തിയാണ് ജോബി സ്വർണം സ്വന്തമാക്കിയത്.
ജോബി മറ്റുള്ളവർക്ക് പ്രചോദനമാണ്. നിരവധി റിക്കാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോബി, ശാരീരിക പരിമിതികൾക്കുള്ളിൽ നിന്ന് നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ജോബിക്ക് നേരത്തെ അയച്ച കത്തിന്റെ പ്രസക്ത ഭാഗം പ്രധാനമന്ത്രി വായിക്കുകയും ചെയ്തു.
പഞ്ചഗുസ്തി, പവര്‍ ലിഫ്റ്റിംഗ് എന്നീ ഇനങ്ങളില്‍ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടിയ ജോബി ഭാരത് പെട്രോളിയം ലിമിറ്റഡില്‍ മാനേജരാണ്. കോട്ടയം അടുക്കം സ്വദേശിയായ ജോബി വർഷങ്ങളായി ആലുവയിലാണ് കുടുംബസമേതം താമസിക്കുന്നത്.