കോഴിത്തുരുത്ത് പാലത്തിന് 8.08 കോടിയുടെ ഭരണാനുമതി: വി.ഡി. സതീശൻ
1538248
Monday, March 31, 2025 4:43 AM IST
പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കോഴിത്തുരുത്ത് പാലത്തിന് 8.08 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് അഡ്വ വി.ഡി. സതീശൻ അറിയിച്ചു.
20 മീറ്റർ വീതിയുള്ള പുഴക്ക് കുറുകെയായി നിലവിലുള്ള വീതി കുറഞ്ഞ സ്ളൂയിസ് കം പാലം പൊളിച്ചുമാറ്റി 2.50 മീറ്റർ വീതിയുള്ള ആറു ഷട്ടറോടു കൂടി ഉപ്പുവെള്ളം കയറാത്ത രീതിയിൽ 4.25 മീറ്റർ വീതിയിൽ ക്യാരേജ് വേ യോടു കൂടി പുതിയ പാലം നിർമിക്കുന്നതിനാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
മേജർ ഇറിഗേഷൻ വകുപ്പ് എറണാകുളം ഡിവിഷനാണ് ഇതിന്റെ നിർമാണ ചുമതല. ഇപ്പോൾ അതെല്ലാം പൂർത്തിയാക്കിയാണ് ഭരണാനുമതി ലഭിച്ചത്.
സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കുവാൻ മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയതായും ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമാണം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.