സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1537829
Sunday, March 30, 2025 4:50 AM IST
പായിപ്ര പഞ്ചായത്ത്
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ പ്രഖ്യാപനം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷാഫി മാലിന്യമുക്തം നവകേരളവുമായി ബന്ധപ്പെട്ട ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷ നെജി ഷാനവാസ് മാലിന്യമുക്ത സന്ദേശം നൽകി. പഞ്ചായത്തിലെ ഹരിത പ്രവർത്തനങ്ങൾക്ക് മുന്നിട്ടുനിന്ന കുടുംബശ്രീ യൂണിറ്റംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ആദരിച്ചു.
മികച്ച പ്രകൃതി സംരക്ഷണ മാലിന്യ സംസ്കരണ ശീലങ്ങൾ മാതൃകയാക്കിയ വ്യക്തിക്കുള്ള പുരസ്കാരം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ. കബീറിനും, ഹരികർമസേന നൂറ് ശതമാനം സർവീസ് പൂർത്തീകരിച്ച ഹരിതകർമസേനാംഗങ്ങളെയും ആദരിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കുമുള്ള ജി ബിന്നുകളും ഹരിതകർമ സേനാംഗങ്ങൾക്കുള്ള ഉപകരണങ്ങളും കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ അധ്യക്ഷത വാഹിച്ചു.
ആവോലി പഞ്ചായത്ത്
വാഴക്കുളം: ആവോലി പഞ്ചായത്ത് സന്പൂർണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിച്ചു. മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. പ്രസിഡന്റ് ഷെൽമി ജോണ്‍സ് പ്രഖ്യാപനം നടത്തി. സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ജോർജ് അധ്യക്ഷത വഹിച്ചു.
ഹരിത സേവന മികവിന്റെ ഭാഗമായി ജെഎച്ച്ഐ ബിനുവിനും പഞ്ചായത്തിലെ വിവിധ അങ്കണവാടികൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഹരിതകർമ സേനാംഗങ്ങൾക്കും അവാർഡുകൾ നൽകി ആദരിച്ചു. ഹരിത പഞ്ചായത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആവോലി ടൗണിൽ ഹരിത പദയാത്രയും നടത്തി.
പല്ലാരിമംഗലം പഞ്ചായത്ത്
പോത്താനിക്കാട്: മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ ഗ്രാമമായി പ്രസിഡന്റ് ഖദീജ മുഹമ്മദ് പ്രഖ്യാപിച്ചു. വൈസ്പ്രസിഡന്റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു.
വാരപ്പെട്ടി പഞ്ചായത്ത്
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സന്പൂർണ ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനം കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് ശുചിത്വ സന്ദേശം നൽകി. പഞ്ചായത്തിലെ മികച്ച സ്ഥാപനങ്ങൾക്കും വീടുകൾക്കും ട്രോഫിയും കാഷ് പ്രൈസുകളും വിതരണം ചെയ്തു.
ആയവന പഞ്ചായത്ത്
മൂവാറ്റുപുഴ: ആയവന പഞ്ചായത്ത് 100 ശതമാനം മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും അനുമോദന യോഗവും പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട് അധ്യക്ഷത വഹിച്ചു.
സന്പൂർണമായി ജൈവ-അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്ന ആയവന സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, ഗവ. എൽപിഎസ് കാലാന്പൂർ, കാരിമറ്റം ഗവ. എൽപിഎസ് എന്നീ സ്കൂളുകളെയും ഹരിത കർമസേനാംഗങ്ങളെയും ഹരിതകർമസേനയുമായി ഏറ്റവും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബങ്ങളെയും ആദരിച്ചു. ഹരിത പഞ്ചായത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരത്തുനിന്ന് പഞ്ചായത്തിലേക്ക് ഹരിത പദയാത്രയും സംഘടിപ്പിച്ചു.
മൂവാറ്റുപുഴ നഗരസഭ 27-ാം വാർഡ്
മൂവാറ്റുപുഴ: നഗരസഭ 27-ാം വാർഡ് ഹരിത വാർഡായി പ്രഖ്യാപിച്ചു. സംസ്ഥാനം ഇന്ന് മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി വാർഡ് 27ൽ ജൈവ മാലിന്യങ്ങൾ വീടുകളിൽ സംസ്കരിച്ചും പൊതുയിടങ്ങൾ ശുചീകരിച്ചും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചും നടത്തിയ പ്രവർത്തനമികവിലൂടെ വാർഡിനെ ഹരിത വാർഡായി പ്രതിപക്ഷ നേതാവ് ആർ. രാകേഷ് പ്രഖ്യാപിച്ചു. വാർഡിലെ കുടുംബങ്ങളിൽ ഏറിയ പങ്കും ഹരിതകർമ സേനയ്ക്ക് മാലിന്യം കൈമാറുന്നതിൽ മുന്നോട്ടുവന്നു.
മാലിന്യ മുക്തമാക്കാൻ മികച്ച പ്രവർത്തനം കാഴ്ചവച്ച തീക്കൊള്ളിപ്പാറ അങ്കണവാടിയെ മാലിന്യമുക്ത സ്ഥാപനമായും പ്രഖ്യാപിച്ചു. തീക്കൊള്ളിപ്പാറ അങ്കണവാടിയിൽ ചേർന്ന മാലിന്യമുക്ത ഹരിത വാർഡായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ നഗരസഭ ആരോഗ്യ വിഭാഗം ജെഎച്ച്ഐ കിരണ്‍, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ ധന്യ അരുണ്‍, ആശാ വർക്കർ ജയ സുകു, അങ്കണവാടി അധ്യാപിക ഷിനി, എഡിഎസ് ചെയർപേഴ്സണ്‍ മിനി മനോജ് എന്നിവർ പങ്കെടുത്തു.
കോതമംഗലം നഗരസഭ
കോതമംഗലം: നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപന സന്ദേശവുമായി കോതമംഗലം ചെറിയ പള്ളിത്താഴത്തുനിന്നും ആരംഭിച്ച ബഹുജനറാലി വാദ്യഘോഷങ്ങൾ, ടാബ്ലോ എന്നിവയുടെ അകന്പടിയോടെ നഗരസഭയിൽ എത്തിച്ചേർന്നു.
നഗരസഭാംഗങ്ങൾ, വ്യാപാരികൾ, സ്കൂൾ വിദ്യാർഥികൾ, എൻസിസി കേഡറ്റുകൾ, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ഹരിത കർമ സേനാംഗങ്ങൾ, നഗരസഭ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു. സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ ടോമി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎൽഎ മാലിന്യമുക്ത പ്രഖ്യാപനം നടത്തി. ഹരിത ഓഫീസുകൾക്ക് ശുചിത്വ മിഷന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി.
മാലിന്യമുക്ത നഗരസഭയായി മൂവാറ്റുപുഴ; പ്രഖ്യാപനം ഇന്ന്
മൂവാറ്റുപുഴ: മൂവാറ്റുപുഴയെ സന്പൂർണ മാലിന്യമുക്ത നഗരസഭയായി ഇന്ന് പ്രഖ്യാപിക്കും. മാസങ്ങൾ നീണ്ടുനിന്ന മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അഴകിൽ മുന്നിൽ മൂവാറ്റുപുഴ കാന്പയിൻ പൂർത്തിയായ സാഹചര്യത്തിലാണ് സന്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നത്.
വൈകുന്നേരം മൂന്നിന് കെ.എം. ജോർജ് മെമ്മോറിയൽ നഗരസഭ ടൗണ്‍ ഹാളിൽ നടക്കുന്ന ശുചിത്വ സദസിൽ നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് പ്രഖ്യാപനം നടത്തും. നഗരസഭ ശുചിത്വ ബ്രാൻഡ് അംബാസിഡർ മീനാക്ഷി അനൂപ് മുഖ്യാതിഥിയാകും.
മാലിന്യമുക്ത കേരളം പദ്ധതിയിലൂടെ സ്നേഹ ആരാമങ്ങൾ, ഹരിത വീഥികൾ, പച്ചത്തുരുത്തുകൾ, ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, സംസ്ഥാനതല ശ്രദ്ധയാകർഷിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ ജൈവമാലിന്യ സംസ്കരണ ഉപാധികളുടെ വിതരണം, ജനകീയ ശുചീകരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് നഗരസഭ ഓഫീസിനു മുന്നിൽനിന്നു വാദ്യഘോഷങ്ങളുടെ അകന്പടിയോടെ ടൗണ്‍ ഹാളിലേക്ക് പ്രഖ്യാപന ജാഥ സംഘടിപ്പിക്കും.