കലൂര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അടുത്തമാസം മുതല്‍
1537805
Sunday, March 30, 2025 4:07 AM IST
കൊച്ചി: കലൂരില്‍ ജിസിഡിഎ നിർമിച്ചിട്ടുള്ള മാര്‍ക്കറ്റിലേക്ക് പഴയ മാര്‍ക്കറ്റ് മാറ്റുന്നതിനുള്ള നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി മാത്രമാണ് ലഭ്യമാകാനുള്ളത്. പുതിയത് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പഴയ മാര്‍ക്കറ്റ് അടയ്ക്കും.
18 കടക്കാരാണ് പഴയ മാര്‍ക്കറ്റില്‍ നിലവിലുള്ളത്. 82 യൂണിറ്റുകളാണ് പുതിയ മാര്‍ക്കറ്റിലുള്ളത്. അവിടെ മുമ്പ് ഉണ്ടായിരുന്നവര്‍ക്ക് ആദ്യ പരിഗണനനല്‍കും. തുടര്‍ന്ന് കലൂര്‍ പഴയ മാര്ക്കറ്റില്നിന്നുള്ളവരെ പരിഗണിക്കും. അവശേഷിക്കുന്ന 42 കടമുറികള്‍ ലേലം ചെയ്യും.
ഇതില്‍ നാല് എസ്സി എസ്ടി വിഭാഗങ്ങള്‍ക്കും, 30 ശതമാനം സ്ത്രീകള്‍ക്കും രണ്ട് കട ഭിന്നശേഷിക്കാര്‍ക്കും നല്‍കും. ഏപ്രില്‍ 30നുള്ളില്‍ ഇതെല്ലാം പൂര്‍ത്തിയാക്കി മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ നവീകരണം ഉടന്‍ തുടങ്ങും. ജിസിഡിഎയുടെ ഭൂമി റെയില്‍വെ ഏറ്റെടുത്തതില്‍ നിന്നു ലഭിച്ച ഒമ്പതു കോടി രൂപ സ്റ്റേഡിയം നവീകരണത്തിന് ഉപയോഗിക്കും. 90 കോടി രൂപ ചെലവിലാണ് നവീകരണം. ഡിപിആര്‍ ഉടന്‍ തയാറാക്കും.
15000പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനു മാത്രമായി 50 കോടി വേണ്ടി വരും. സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്. രണ്ടു ഘട്ടങ്ങളിലാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.