നാലര വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പിതാവിനെതിരേ പരാതി
1537804
Sunday, March 30, 2025 4:07 AM IST
പറവൂർ: നാലര വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു കുട്ടിയുടെ പിതാവിനെതിരെ കുട്ടിയുടെ അമ്മയുടെ വീട്ടുകാർ പരാതി നൽകി. ഇന്നലെ രാവിലെ പെരുവാരത്താണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയവരാണ്.
അമ്മ വിദേശത്തായതിനാൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണു കുട്ടി താമസിക്കുന്നത്. ഇന്നലെ രാവിലെ കുട്ടിയുടെ പിതാവും ചില ബന്ധുക്കളും വന്നു മുത്തശിയെ മർദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണു പരാതി. മുത്തശ്ശി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മുത്തശ്ശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും ചില ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.
രണ്ടാം ശനിയാഴ്ച മാത്രം കുട്ടിയെ പിതാവിനൊപ്പം വിടണമെന്നാണു കോടതിയുടെ ഉത്തരവുള്ളത്. കുട്ടി അമ്മയുടെ വീട്ടുകാരുടെ അടുത്ത് ആയിരിക്കേണ്ട സമയത്താണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. നിലവിൽ കുട്ടി സുരക്ഷിതയാണെന്നും പോലീസ് പറഞ്ഞു.