പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളെ ചുമക്കുന്ന സാഹചര്യം അവസാനിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്
1537838
Sunday, March 30, 2025 4:59 AM IST
കൊച്ചി: ലിഫ്റ്റ് സൗകര്യമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികളെ സ്ട്രക്ചറില്‍ ചുമന്ന് രണ്ടാം നിലയിലെത്തിക്കുന്ന സാഹചര്യത്തില്‍ രോഗികളും ജീവനക്കാരും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡിഎംഒയുടെ റാങ്കില്‍ കുറയാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് താലൂക്ക് ആശുപത്രിയില്‍ അടിയന്തര പരിശോധന നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പരിശോധനയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡിഎംഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ കാലതാമസം കൂടാതെ പരാതിക്ക് പരിഹാരം കാണണം.
ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്ത സാഹചര്യം ഡിഎംഒ പരിശോധിച്ച് മൂന്നാഴ്ചക്കകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സമയം, നിര്‍മാണം യഥാസമയം പൂര്‍ത്തിയാക്കാത്തതിന്റെ കാരണങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം. താലൂക്ക് ആശുപത്രി സൂപ്രണ്ട് മൂന്നാഴ്ചക്കകം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരോഗ്യവകുപ്പ് ഡയറക്ടറും പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി സെക്രട്ടറിയും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഏപ്രില്‍ 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഡിഎംഒ, ഡിഎച്ച്എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ പ്രതിനിധികള്‍ ഹാജരാകണമെന്നും കമ്മീഷൻ നിർദേശം നൽകി.