ബിഷപ്പിനെതിരെ കേസെടുത്ത നടപടി പിൻവലിക്കണം: ജോസ് കെ. മാണി എംപി
1538253
Monday, March 31, 2025 4:54 AM IST
മൂവാറ്റുപുഴ: പഴയ ആലുവ-മൂന്നാർ രാജപാത ഉപയോഗപ്രദമാക്കണമെന്ന ആവശ്യവുമായി നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ വനം വകുപ്പ് എടുത്ത മുഴുവൻ നിയമ നടപടികളും പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ജോസ് കെ. മാണി ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെ സന്ദർശിച്ച് പൂർണ പിന്തുണ അറിയിച്ചു.
നൂറ്റാണ്ടുകൾക്ക് മുമ്പ് റോഡ് പണിത് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയായി മാറിയ പൂയംകുട്ടി മുതൽ മൂന്നാർ വരെയുള്ള പൊതുമരാമത്ത് വകുപ്പ് സ്ഥലം അനാവശ്യമായി വനമാക്കൻ ശ്രമിക്കുന്നതാണ് ജനകീയ പ്രതിഷേധത്തിലേക്ക് നയിച്ചത്.
വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പേരിൽ ഇല്ലാത്ത അധികാരങ്ങൾ പലസ്ഥലങ്ങളിലും വനപാലകർ പ്രയോഗിക്കുന്നതായി നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പിനെ പ്രതിയാക്കി കേസെടുത്ത സംഭവമെന്നും ജോസ് കെ. മാണി പറഞ്ഞു. ഫാ. റോബിൻ പടിഞ്ഞാറെകൂറ്റ്, റോണി മാത്യു, ജോയ് നടുകുടി, ജോസ് വർഗീസ്, ഷൈൻ ജേക്കബ്, സിജോ ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.