ബ്രഹ്മപുരത്ത് വരുന്നു ആധുനിക സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
1538229
Monday, March 31, 2025 4:05 AM IST
നിര്‍മാണ ചെലവ് 30 കോടി
കൊച്ചി: നഗരത്തില്‍ കക്കൂസ് മാലിന്യ സംസ്കരണ പ്രതിസന്ധിക്ക് പരിഹാരമായി ബ്രഹ്മപുരത്ത് 30 കോടി ചെലവില്‍ ആധുനിക സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് വരുന്നു. ആദ്യഘട്ടത്തില്‍ 10 ലക്ഷം ലിറ്റര്‍ (ഒരു എംഎല്‍ഡി) ശേഷിയുള്ള പ്ലാന്റ് ഭാവിയില്‍ 2,000 ലക്ഷം ലിറ്ററായി ഉയര്‍ത്താന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുളളത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ആമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കോര്പറേഷന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ് പറഞ്ഞു.
ബ്രഹ്മപുരത്ത് ഏഴ് ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് വരുന്നത്. പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ കക്കൂസ് മാലിന്യ നിര്‍മാര്‍ജനത്തിന് ലോറികള്‍ ബുക്ക് ചെയ്യുന്ന സംവിധാനം ഓണ്‍ലൈനാക്കും. കൊച്ചി വണ്‍ ആപ്പ് വഴിയാകും ഇതിനുള്ള ക്രമീകരണം ഒരുക്കുക. കൂടാതെ കക്കൂസ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ ഒരേ മാതൃകയിലാക്കും. അതില്‍ ട്രാക്കിംഗ് സിസ്റ്റവും ജിപിഎസ് സംവിധാനവും ഉള്‍പ്പെടുത്തും. അതോടെ ലോറികള്‍ ട്രാക്ക് ചെയ്യാനും മാലിന്യം വഴിയരികില്‍ തട്ടുന്നുണ്ടോ എന്ന് കണ്ടെത്താനും സാധിക്കും.
സെപ്റ്റിക്ടാങ്ക് മാലിന്യം കൈകാര്യം ചെയ്യുന്ന ലോറി ഉടമകള്‍ക്ക് അവരുടെ പഴയ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്നതിന് ഏഴുലക്ഷം രൂപ സബ്സിഡിയോടെ ലോണ്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ മേയറുമായി ചര്‍ച്ചചെയ്ത് അന്തിമതീരുമാനത്തിലെത്തുമെന്നും അഷ്റഫ് പറഞ്ഞു.
നിലവില്‍ കൊച്ചിയില്‍ രണ്ടിടങ്ങളിലായി ദിവസവും 40 ലോറി കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന രണ്ട് മിനി പ്ലാന്റുകളാണുളളത്. എന്നാല്‍ 200 ലേറെ ലോഡ് കക്കൂസ് മാലിന്യം നഗരത്തില്‍ ദിവസേന ഉണ്ടാകുന്നെന്നാണ് കണക്ക്.
ശേഷിക്കുന്ന മാലിന്യങ്ങള്‍ അനധികൃതമായി പുഴയോരങ്ങളിലും ആളൊഴിഞ്ഞ ഇടങ്ങളിലും ഒഴുക്കി കളയുകയാണെന്ന പരാതിയും വ്യാപകമാണ്. പുതിയ പ്ലാന്റ് വരുന്നതോടെ നഗരത്തിലെ മുഴുവന്‍ കക്കൂസ് മാലിന്യവും സംസ്കരിക്കാനുമെന്നാണ് കണക്കാക്കുന്നത്.
നേരത്തെ എളംകുളത്ത് ഒരു എംഎല്‍ഡി ശേഷിയുള്ള സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി പ്രാദേശിക എതിര്‍പ്പുകള്‍ മൂലം തടസപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ബ്രഹ്മപുരത്തേക്ക് മാറ്റിയത്.