പായ്തുരുത്തിൽ പുഴ കൈയേറാൻ ശ്രമം : പ്രതിഷേധവുമായി നാട്ടുകാർ
1537818
Sunday, March 30, 2025 4:40 AM IST
നെടുമ്പാശേരി: പ്രളയ കാലത്ത് ചാലക്കുടിപ്പുഴയോരത്ത് പായ്ത്തിരുത്തിനോട് ചേർന്ന് എക്കൽ മണ്ണടിഞ്ഞു കര രൂപപ്പെട്ടിട്ടുള്ള ഭാഗം പുഴ കൈയേറി സ്വകാര്യ വ്യക്തി നിർമാണം നടത്തുന്നതായി പരാതി. കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്നും എക്കൽ മണ്ണെടുത്ത് പുറമ്പോക്ക് കൈയേറിയതായും പരാതിയുണ്ട്.
20 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് കൈയേറ്റം നടന്നിട്ടുള്ളതത്രേ. പഴയകാലത്ത് സ്ഥാപിച്ച ഇറിഗേഷൻ മോട്ടോർ സ്ഥാനമാണ് യഥാർഥ അതിർത്തി പ്രദേശമെന്ന് നാട്ടുകാർ പറയുന്നു.
പുഴയിൽ കാന താഴ്ത്തി ബണ്ട് കെട്ടുവാനുള്ള ശ്രമം കൂടി നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ വസ്തുവിനോട് ചേർന്നാണ് ഈ പ്രവർത്തനം നടക്കുന്നത്. സമീപപ്രദേശവാസികളും പായ് തുരുത്ത്ദ്വീപ് നിവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
വിവരമറിഞ്ഞ് സിപിഎം കുന്നുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.കെ. അനിൽ പ്രദേശം സന്ദർശിച്ചു. റവന്യൂ അധികാരികളായ തഹസിൽദാരെയും വില്ലേജ് ഓഫീസറെയും വിവരമറിയിച്ചു.
നേതാക്കളായ എൽ.എ. മോഹനൻ, കെ.എ. ഹരിദാസ്, മുരളി ബാലൻ, രാജു അയ്യപ്പൻകുട്ടി, കെ.എ. രാജു, കെ.എം. മധു, ശ്യാം ശശി എന്നിവരും പ്രദേശം സന്ദർശിച്ചു. അടുത്തദിവസം റവന്യൂ അധികാരികൾക്ക് രേഖാ മൂലം പരാതി നൽകുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.എ. ഹരിദാസ് അറിയിച്ചു.