സാമൂഹ്യ സുരക്ഷാ പെന്ഷന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സെല്‍: മേയർ
1537811
Sunday, March 30, 2025 4:07 AM IST
കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്ഷന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാന്‍ കൊച്ചി കോര്പറേഷന്. അപേക്ഷ സമര്‍പ്പിച്ചശേഷം ചില സാഹചര്യങ്ങളിലുണ്ടാകുന്ന തടസങ്ങളും കാലതാമസവും സെല്‍ രൂപീകരണത്തോടെ ഒഴിവാകുമെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. സെല്‍ പ്രവര്‍ത്തനം സോണല്‍ ഓഫീസുകളിലോ മെയിന്‍ ഓഫീസിലോ ആയിരിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
കൈവശാവകാശ രേഖയുള്ള പട്ടികജാതിക്കാര്‍ക്കും പഠനമുറി അനുവദിക്കാനും തീരുമാനിച്ചു. ഹോമിയോ ഡോക്ടര്‍മാരുടെ വേതനവര്‍ധനയ്ക്ക് തുല്യമായ വര്‍ധന അറ്റന്‍ഡര്‍ക്കും ഫാര്‍മസിസ്റ്റിനും അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മേയര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരുടെ അറിവോടെയാകണം വാര്‍ഡുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ടതെന്ന് മേയര്‍ നിര്‍ദേശിച്ചു.
ഇത് സംബന്ധിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സ്ഥലം കൗണ്‍സിലര്‍മാരുമായി ആശയവിനിമയം നടത്തണമെന്ന് കാട്ടി എംഎല്‍എമാര്‍ക്ക് കത്ത് നല്‍കാനും കൗണ്‍സിലില്‍ തീരുമാനമായി. ജനകീയാസൂത്രണ പദ്ധതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിത പ്രകാരം കൂടുതലയായി ലഭിച്ച തുക പ്രായോഗികമായി മാറ്റാന്‍ കഴിയുന്ന മേഖലകളിലേക്ക് നീക്കുമെന്നും മേയര്‍ അറിയിച്ചു.
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനും കോര്പറേഷന് തീരുമാനിച്ചു. പോലീസ്, എക്സൈസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തി വാര്‍ഡുതലത്തില്‍ ആര്‍ആര്‍ടികള്‍ ശക്തമാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മയക്കുമരുന്നിനെതിരെ വന്‍ പ്രതിരോധം തീര്‍ക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.